(www.kl14onlinenews.com)
(15-Feb-2025)
തൃശ്ശൂർ ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നിന്നും 15 ലക്ഷം രൂപ മോഷ്ടാവ് കവന്ന് കടന്നത് വെറും മൂന്നു മിനിറ്റുകൊണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബാങ്കിൽ മോഷണം നടന്നത്. സ്കൂട്ടറിൽ ഹെൽമെറ്റും ജാക്കറ്റും കയ്യുറകളും ധരിച്ചെത്തിയ മോഷ്ടാവ് കത്തികാട്ടി ജീവനക്കാരെ മുറിയിലിട്ട് പൂട്ടി കൗണ്ടറിന്റെ ചില്ല് തകർത്താണ് കവർച്ച നടത്തിയത്.
ജീവനക്കാരുടെ ഉച്ചഭക്ഷണത്തിന്റെ സമയത്തെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ബാങ്കിന് അകത്തും പുറത്തുമുള്ള സിസിടിവി ക്യാമറകളിൽ പതിഞ്ഞങ്കിലും മുഖം മറച്ചിരുന്നതിനാൽ ആരാണെന്നതിൽ വ്യക്തതയില്ല.
രണ്ട് മുതൽ രണ്ടര വരെയായിരുന്നു ഉച്ചഭക്ഷണ സമയം. ഇതിനിടയിൽ എത്തിയ മോഷ്ടാവ് ബാങ്കിൽ കയറി ജീവനക്കാരെ ബന്ദികളാക്കി മോഷണം നടത്തുകയായിരുന്നു. ബാങ്കിൽ സുരക്ഷാ ജീവനക്കാർ ഇല്ലായിരുന്നു എന്ന് പോലീസ് പറഞ്ഞു. ആകെ ഏഴ് പേരായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ഒരാൾ ഭക്ഷണം കഴിക്കാൻ പുറത്തു പോയിരുന്നു. നാലുപേർ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. മാനേജരും മറ്റൊരു ജീവനക്കാരും പ്രധാന ഹാളിലായിരുന്നു. ഇവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഡൈനിങ് റൂമിലാക്കി പുറമേ നിന്ന് പൂട്ടിയ ശേഷമാണ് കവർച്ച നടത്തിയത്. 47 ലക്ഷം രൂപ കൗണ്ടറിൽ ഉണ്ടായിരുന്നു. അതിൽ നിന്നും അഞ്ചുലക്ഷം വീതമുള്ള 3 കെട്ടുകൾ കൈക്കലാക്കിയാണ് പ്രതി കടന്നു കളഞ്ഞത്.
മോഷണം സമയത്ത് പ്രതി ഹിന്ദി സംസാരിച്ചിരുന്നു. എന്നാൽ ഇത് ഇയാളുടെ അടവ് ആയിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. റെയിൽവേ സ്റ്റേഷനും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് തൃശ്ശൂർ റൂറൽ എസ്.പി ബി കൃഷ്ണകുമാർ പറഞ്ഞു. ഇയാൾ വന്ന സ്കൂട്ടറിനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
Post a Comment