(www.kl14onlinenews.com)
(18-Feb-2025)
തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്. കൊച്ചിയിൽ ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്ത്മംഗലത്തെ ഓഫീസിലും ഇ.ഡി റെയ്ഡ് നടക്കുന്നുണ്ട്. തോന്നയ്ക്കൽ സായി ഗ്രാമിലും അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും ഇ.ഡി പരിശോധന നടത്തുന്നുണ്ട്. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനത്തിൽ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്.
മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലാണ് ലാലി വിൻസെന്റ് താമസിക്കുന്നത്. അവരുടെ ഓഫീസും ഇവിടെ തന്നെയാണുള്ളത്. ഇന്ന് പുലർച്ചെ മുതലാണ് കൊച്ചിയിൽനിന്നുള്ള 60ൽ അധികം ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരിൽനിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
മൊത്തത്തിൽ 159 കോടി രൂപയുടെ ഇടപാട് നടന്നെന്നാണ് ഇഡി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പാതിവിലയിൽ സ്ക്കൂട്ടർ ഉൾപ്പടെ നൽകാമന്ന് പറഞ്ഞ് സാധാരണക്കാരിൽനിന്ന് പിരിച്ചെടുത്ത ഈ പണം, കള്ളപ്പണമായി പലർക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി ഇഡി മുന്നോട്ടുപോകുന്നത്.
സ്‌കൂട്ടര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ കൈമാറിയെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യാപകമായി നടന്ന വന്‍തട്ടിപ്പില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത്രയും വലിയ തുകയാണ് കോണ്‍ഗ്രസ് നേതാവിന് നല്‍കിയതെന്ന് വ്യക്തമായത്.
അതേസമയം, തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണന്‍ തനിക്ക് നല്‍കിയത് അഭിഭാഷകഫീസാണെന്നും ലാലി വിന്‍സെന്റ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇത്രയും വലിയ തുക വക്കീല്‍ഫീസായി വാങ്ങാന്‍ മാത്രം പ്രമുഖ അഭിഭാഷകയാണോ ലാലി വിന്‍സെന്റ് എന്നത് അന്വേഷണസംഘത്തിന്റെ മുന്നിലുള്ള ചോദ്യമാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Post a Comment