മണ്ണാർക്കാട് നബീസ കൊലക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

(www.kl14onlinenews.com)
(18-jan-2025)

മണ്ണാർക്കാട് നബീസ കൊലക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും
പാലക്കാട്: മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നബീസയുടെ മകൾ ഫാത്തിമയുടെ മകൻ കരിമ്പ പടിഞ്ഞാറേതിൽ ബഷീർ, ഭാര്യ ഫസീല എന്നിവർ കുറ്റക്കാരെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. കൊലപാതക കുറ്റം, തെളിവ് നശിപ്പിക്കൽ, ​ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിച്ചതിന് ബഷീറിന് 7 വർഷം തടവും 25000 പിഴയും വിധിട്ടുണ്ട്. പിഴത്തുക നബീസയുടെ ബന്ധുക്കൾക്ക് കൈമാറണം. ശിക്ഷാ വിധിയിൽ തൃപ്തരെന്ന് പ്രോസിക്യൂഷനും നബീസയുടെ കുടുംബവും പ്രതികരിച്ചു.

സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയ ബഷീറും ഭാര്യയും വിഷം നൽകി നബീസയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2016 ജൂൺ 23നാണ് നബീസ കൊല്ലപ്പെട്ടത്. ജൂൺ 24ന് രാവിലെ മണ്ണാർക്കാടിനടുത്ത് ആര്യമ്പാവ് ചെട്ടിക്കാടിൽ നബീസയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തെ സഞ്ചിയിൽ നിന്ന് ആത്മഹത്യയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കുറിപ്പും ഫോണും കണ്ടെടുത്തിരുന്നു. എന്നാൽ പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിയുന്നത്.

ബഷീർ താമസിക്കുന്ന മണ്ണാർക്കാട് നമ്പിയംകുന്നിലെ വാടകവീട്ടിലേക്ക് കൊണ്ടുപോയി തർക്കത്തിനിടയിൽ നബീസയെ കൊലപ്പെടുത്തുകയായിരുന്നു. രാത്രി കഞ്ഞിക്കൊപ്പം നൽകിയ കറിയിൽ വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം.

മരണം ഉറപ്പാക്കിയ ശേഷം രണ്ട് ദിവസം മൃതദേഹം വീട്ടിൽ സൂക്ഷിച്ചു, പിന്നീട് ചാക്കിൽകെട്ടി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളേക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ആത്മഹത്യാക്കുറിപ്പ് നോട്ടുബുക്കില്‍ ഫസീല പലതവണ എഴുതിയിരുന്നതായും, ഇത് മറ്റൊരു പേപ്പറിലേക്ക് പകര്‍ത്തിയെഴുതിയത് ബഷീറാണെന്നും പൊലീസ് കണ്ടെത്തി. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

ഭര്‍ത്തൃപിതാവ് മുഹമ്മദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുള്ളവ്യക്തിയാണ് ഫസീല. അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയുമാണ് ആ കേസില്‍ ശിക്ഷ ലഭിച്ചത്. ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. തൃപ്പൂണിത്തുറയിൽ പർദ്ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവർന്ന കേസിലും, 2018 ൽ കല്ലേക്കാട് ബ്ലോക്ക് ഓഫീസിനു സമീപത്തെ ഫ്ലാറ്റിൽ നിന്ന് സ്വർണം കവർന്ന കേസിലും ഫസീല പ്രതിയാണ്.

Post a Comment

Previous Post Next Post