ഷാരോൺ വധക്കേസിൽ ശിക്ഷാ വിധി തിങ്കാളാഴ്ച; ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ

(www.kl14onlinenews.com)
(18-jan-2025)

ഷാരോൺ വധക്കേസിൽ ശിക്ഷാ വിധി തിങ്കാളാഴ്ച; ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ ശിക്ഷാ വിധി ജനുവരി 20 ന്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ ശിക്ഷയിലെ അന്തിമ വാദം പൂർത്തിയായി. മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. ചെകുത്താന്റെ സ്വഭാവമാണ് ഗ്രീഷ്മയ്ക്കെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായില്ല. അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഗ്രീഷ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്തതായും ഒരു സ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഷാരോണ്‍ ചെയ്തതെന്നും പ്രതിഭാഗം പറഞ്ഞു. കിടപ്പുമുറിയിലെ ദൃശ്യങ്ങളും ഷാരോൺ പകർത്തി. നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി. മാനസികമായി തകർന്നുവെന്നും ബന്ധത്തിൽനിന്നും പിന്മാറാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഷാരോൺ തയ്യാറാവാതെ മാനസിക പീഡനം തുടർന്നുവെന്നും പ്രതിഭാഗം വാദിച്ചു.

ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീര്‍ ഗ്രീഷ്മയോട് ചോദിച്ചു. പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതി നല്‍കി. പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നും ഇനിയും പഠിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ രേഖകൾ ഗ്രീഷ്മ കോടതിക്ക് കൈമാറി. 

കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. മൂന്നാം പ്രതിയായ അമ്മാവൻ നിർമ്മലകുമാരനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

കാമുകനായ ഷാരോൺ രാജിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയത്. ഗ്രീഷ്മയെ കൂടാതെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 

2022 ഒക്ടോബർ പത്തിനാണ് ഷാരോൺ രാജ് വിഷം ഉള്ളിൽചെന്ന് അവശനിലയിലായത്. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാതിരുന്നതിനെ തുടർന്നാണ് കൊല ആസൂത്രണം ചെയ്തത്. ഷാരോൺ രാജിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ഗ്രീഷ് കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. കഷായം കുടിച്ച് 11 ദിവസം കഴിഞ്ഞ് മെഡിക്കൽ കോളജിൽവച്ചാണ് ഷാരോൺ രാജ് മരിച്ചത്. 

മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചിട്ടും ഷാരോൺ പ്രണയത്തിൽനിന്നും പിന്മാറാതെ വന്നതോടെയാണ് ഗ്രീഷ്മ ജ്യൂസിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. നെയ്യൂര്‍ സിഎസ്ഐ കോളജിലെ ശുചിമുറിയില്‍ വച്ചായിരുന്നു ആദ്യം വധശ്രമം. കടയിൽ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയിൽ 50 ഡോളോ ഗുളികകൾ പൊടിച്ച് കലര്‍ത്തി ഷാരോണിന് കുടിക്കാൻ നൽകി. എന്നാൽ കയ്പ് കാരണം ഷാരോൺ ജ്യൂസ് തുപ്പിക്കളയുകയായിരുന്നു.

പിന്നീട് കുഴുത്തുറ പഴയ പാലത്തിൽ വച്ചും ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലര്‍ത്തിയ മാങ്ങാ ജ്യൂസ് നൽകി വധിക്കാൻ ശ്രമമുണ്ടായി. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നൽകി ഷാരോണിനെ കൊലപ്പെടുത്തിയത്. ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത് ഡോക്ടറുടെ മൊഴിയാണ്. ഛര്‍ദിയില്‍ നീലകലര്‍ന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ച്ചെന്നതെന്ന് വ്യക്തമായത്

Post a Comment

Previous Post Next Post