(www.kl14onlinenews.com)
(09-jan-2025)
കൊച്ചി: ചാനൽ ചർച്ചയിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമർശിച്ച രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ്. ചർച്ചകൾക്ക് രാഹുൽ ഈശ്വർ ഒരു മുതൽ കൂട്ടാണെന്നും സ്ത്രീകൾ എത്ര വലിയ പ്രശ്നം അവതരിപ്പിച്ചാലും തന്റെ അസാമാന്യ ഭാഷാജ്ഞാനവും ഭാഷാ നിയന്ത്രണം കൊണ്ടും അദ്ദേഹം സ്ത്രീകളുടെ പ്രശ്നങ്ങളെ നിർവീര്യമാക്കുമെന്നും ഹണി റോസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു കുറിപ്പിൽ വിമർശിച്ചു.
തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ പൂജാരി ആവുകയായിരുന്നുവെങ്കിൽ അദ്ദേഹം സ്ത്രീകൾക്ക് ഒരു ഡ്രസ്സ് കോർഡ് ഉണ്ടാക്കിയേനെയെന്നും നടി പരിഹസിച്ചു. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്നാണ് തനിക്ക് മനസിലായതെന്നും ഹണി റോസ് പറഞ്ഞു.
അതേസമയം, ലൈംഗികാധിക്ഷേപക്കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ വ്യാഴാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും. വയനാട്ടിൽ നിന്ന് ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ബോബിയെ രാത്രിയോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക പൊലീസ് സംഘം ബോബിയെ ചോദ്യം ചെയ്തു. ഇതിനുശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ലോക്കപ്പിലാക്കി.
വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ബോബിയെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ബോബിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിൽ ബോബിക്ക് വേണ്ടി അഡ്വ. ബി രാമൻപിള്ള ഹാജരാകും.
Post a Comment