ഇനി യുദ്ധം യൂട്യൂബർമാർക്കെതിരെ! 20 ചാനലുകൾക്കെതിരെ ഹണി റോസ്, വിവരങ്ങൾ പൊലീസിന് കൈമാറും

(www.kl14onlinenews.com)
(09-jan-2025)

ഇനി യുദ്ധം യൂട്യൂബർമാർക്കെതിരെ! 20 ചാനലുകൾക്കെതിരെ ഹണി റോസ്, വിവരങ്ങൾ പൊലീസിന് കൈമാറും

ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് കൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെ നടി നീക്കം ആരംഭിച്ചു.

20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ നടി പൊലീസിന് കൈമാറും. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ടെന്ന് ചൂണ്ടിക്കാട്ടിയാകും നടപടി തേടുക.

അതേസമയം ബോബി ചെമ്മണ്ണൂരിനെതിരെയാ ലൈംഗികാധിക്ഷേപ കേസിൽ നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.

സാമൂഹിക മാധ്യമത്തിലെ സൈബര്‍ ആക്രമണത്തിനെതിരെ ഇൻസ്റ്റഗ്രാമിലൂടെ നടി നിലപാട് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ലെന്നും ഹണി റോസ് പറഞ്ഞു.

അതേസമയം ഹണി റോസിൻ്റെ പരാതിയിൽ 30 പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.കുമ്പളം സ്വദേശി ഷാജിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമൻ്റിട്ടെന്നായിരുന്നു നടി ഹണി റോസിൻ്റെ പരാതി.

ഇത് പ്രകാരം 30 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പറഞ്ഞു. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഹണിറോസിൻ്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല.

ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.

എന്‍റെ വസ്ത്ര ധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായതോ സര്‍ഗാത്മകമായതോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷേ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു റീസണബിള്‍ റസ്ട്രിക്ഷന്‍ വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ എന്റെ നേരേ ഉള്ള വിമര്‍ശനങ്ങളില്‍ അസഭ്യഅശ്ലീലപരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും.

ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ, നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണിറോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു.

മാനസിക വൈകൃതമുള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവ്. എന്നാല്‍, ഇനി ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് നേരത്തെ വ്യക്തമാക്കിയിരുന്നു

Post a Comment

Previous Post Next Post