മലയാളത്തിന്‍റെ ഭാവഗായകന്‍ പി.ജയചന്ദ്രന്‍ അന്തരിച്ചു; അന്ത്യം തൃശൂരിലെ അമല ആശുപത്രിയില്‍

(www.kl14onlinenews.com)
(09-jan-2025)

മലയാളത്തിന്‍റെ ഭാവഗായകന്‍ പി.ജയചന്ദ്രന്‍ അന്തരിച്ചു;
അന്ത്യം തൃശൂരിലെ അമല ആശുപത്രിയില്‍
തൃശൂർ:
മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രൻ വിടപറഞ്ഞു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാലമായി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 80 വയസിലാണ് അന്ത്യം.

അഞ്ചു പതിറ്റാണ്ടോളം നീണ്ട സംഗീത ജീവിത്തിൽ മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അതുല്യ ഗായകനാണ് വിടപറയുന്നത്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ഒരു തവണയും സംസ്ഥാന പുരസ്കാരം അഞ്ചു തവണയും നേടിയിട്ടുണ്ട്. നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് 2020ൽ ജെ സി ഡാനിയേൽ പുരസ്കാരം നൽകി സംസ്ഥാന സർക്കാർ ആദരിച്ചു.

രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായി 1944 മാർച്ച് 3ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. ഭാര്യ ലളിത. മകൾ ലക്ഷ്മി, മകൻ ദിനനാഥൻ.

സംഗീതത്തോട് ചെറുപ്പം മുതലേ താൽപര്യമുണ്ടായിരുന്ന പി. ജയചന്ദ്രൻ അക്കാലത്ത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗ വായന, ലളിത ഗാനം മത്സരങ്ങളിലെല്ലാം സമ്മാനങ്ങൾ നേടിയിരുന്നു. 1958ൽ സംസ്ഥാന യുവജനമേളയിൽ പങ്കെടുക്കവേ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോൾ അതേ വർഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്കാരം ജയചന്ദ്രന്‍ നേടിയിരുന്നു.

കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ആദ്യമായി മലയാളത്തിന്റെ ഭാവഗായകൻ ആലിപിച്ചത്. എന്നാൽ ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രത്തിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമായിരുന്നു.

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്ക് വിരാമം

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് പി. ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രൻ ആലപിച്ചതെല്ലാം അനുവാചകൻ്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്,' അനുശോചന കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post