(www.kl14onlinenews.com)
(11-jan-2025)
ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗിക അധിക്ഷേപ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. നടിയെ പ്രതി പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും പരിശോധിച്ച് വരികയാണ് സെൻട്രൽ പൊലീസ്. നിലവിൽ ഭാരതീയ ന്യായ സംഹിത 75, ഐടി ആക്ട് 67 എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
ഇതിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ മറ്റ് അശ്ലീല പരാമർശങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. യൂട്യൂബ് ചാനലുകളിൽ അടക്കം ബോബി ചെമ്മണ്ണൂരിന്റെ വീഡിയോകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇവയടക്കം ശേഖരിച്ച് ജാമ്യത്തെ എതിർത്ത് കോടതിയിൽ ഹാജരാക്കാനാണ് നീക്കം.
അതേസമയം താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബോബി ചെമ്മണ്ണൂർ. 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിനെ തുടർന്ന് കാക്കനാട് ജില്ലാ ജയിലിൽ എത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചപ്പോഴും ഇത് തന്നെയാണ് ബോബി ചെമ്മണ്ണൂർ ആവർത്തിച്ചത്.
ഇതിനിടെ എറണാകുളം ജനറൽ ആശുപത്രിയിൽ ബോബി ചെമ്മണ്ണൂരിനെ വെെദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ചില നാടകീയ സംഭവങ്ങൾ ഉണ്ടായി.
ബോബിയെ കൃത്യമായി പരിശോധിക്കാൻ പോലീസ് ഡോക്ടറെ അനുവദിച്ചില്ലെന്ന് ആരോപിച്ച് ചിലർ പോലീസ് വാഹനം തടഞ്ഞു. ബോബി ചെമ്മണ്ണൂരിന് ആരോഗ്യപ്രശ്നം ഉണ്ടെന്നും കൃത്യമായി ഇസിജി എടുത്തില്ലെന്നും ആരോപിച്ചാണ് ആശുപത്രിയിൽ നിന്നും കാക്കനാട് ജില്ലാ ജയിലിലേക്ക് പോവുകയായിരുന്ന പോലീസ് വാഹനം ഇവർ തടഞ്ഞത്.
ഇത് ബോബിയുടെ ആരാധകർ ആണോ ബൗൺസമാർ ആണോ എന്ന് വ്യക്തമല്ല.
ലെെംഗികമായി അധിക്ഷേപിച്ചെന്ന് നടി ഹണീ റോസിൻ്റെ പരാതിയിൽ എടുത്ത കേസിലാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിനെ കോടതി 14 ദിവസം റിമാൻഡ് ചെയ്തത്.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അഭിരാമിയാണ് ശിക്ഷ വിധിച്ചത്. പ്രശസ്ത അഡ്വക്കേറ്റ് രാമപിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായത്.
കോടതി ജാമ്യം നിഷേധിച്ച ഉടൻ തന്നെ തനിക്ക് ദേഹാസ്വസ്ഥം അനുഭവപ്പെടുന്നു എന്ന് കോടതിയെ അറിയിച്ചതിനാൽ ബോബി ചെമ്മണ്ണൂരിനോട് കോടതിയിൽ വിശ്രമിച്ചുകൊള്ളാൻ അനുവദിച്ചു. തനിക്ക് അൾസർ ഉണ്ടെന്ന് ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. തുടർന്നാണ് ബോബിയെ സമീപത്തുള്ള ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സംഭവം നടന്ന് ഏറെനാൾക്ക് ശേഷം പരാതിയുമായി എത്തുന്നതിൽ സംശയം ഉണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്. അടുത്ത ദിവസം ഇറങ്ങുന്ന സിനിമയുടെ മാർക്കറ്റിങ്ങിൻ്റെ ഭാഗമാണ് ഈ കേസെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ കേസിൻ്റെ മെറിറ്റിലേക്ക് ഇപ്പോൾ പോകുന്നില്ലെന്ന് കോടതി അറിയിച്ചു. ജാമ്യം ഇപ്പോൾ നൽകേണ്ടതുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നും കോടതി അറിയിച്ചു. അതുകൊണ്ട് തന്നെ പ്രതിഭാഗം ഹാജരാക്കിയ വീഡിയോകൾ കാണാൻ പോലും കോടതി തയാറായില്ല.
ബോചെയ്ക്ക് കുരുക്ക് മുറുകുന്നു; കൂടുതൽ അന്വേഷണത്തിന് പൊലീസ്
കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുകുന്നു. ബോബി മറ്റുള്ളവർക്കെതിരെയും അധിക്ഷേപവും ദ്വയാർഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിൽ പൊലീസ് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
ബോചെയുടെയും അദ്ദേഹം ഉൾപ്പെട്ട മറ്റ് പരിപാടികളുടെയും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച് വരികയാണ്. ഹണി റോസിനു പുറമെ മറ്റു നടിമാർക്കെതിരെയും യുട്യൂബ് ചാനൽ പരിപാടി നടത്തുന്നവർക്കെതിരെയും ദ്വയാർഥ പ്രയോഗങ്ങളും ലൈംഗികാധിക്ഷേപങ്ങളും ബോബി ചെമ്മണ്ണൂർ നടത്തിയിട്ടുണ്ട് എന്നുള്ള പരാതികൾ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു.
അതിനിടെ, ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും ആലോചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യവും പൊലീസ് പരിഗണിക്കും.
Post a Comment