ഷാരോൺ വധക്കേസ്; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരെന്ന് കോടതി; അമ്മയെ വെറുതേ വിട്ടു,ശിക്ഷാവിധി നാളെ

(www.kl14onlinenews.com)
(17-jan-2025)

ഷാരോൺ വധക്കേസ്; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരെന്ന് കോടതി; അമ്മയെ വെറുതേ വിട്ടു,
ശിക്ഷാവിധി നാളെ

തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതിയായ അമ്മാവൻ നിർമ്മലകുമാരനും കുറ്റക്കാരനാണെന്ന് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തി. കേസിൽ നാളെ വിധി പ്രഖ്യാപിക്കും. 

കാമുകനായ ഷാരോൺ രാജിനെ ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായിരുന്നു.

ഗ്രീഷ്മയ്ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 

ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ ജൂസിൽ വിഷം ചേർത്തു നൽകിയിരുന്നു. ജൂസ് ചലഞ്ചിനു മുൻപായി പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞത് പനി ആയതുകൊണ്ടാണെന്ന് പ്രതിഭാഗം വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ആത്മഹത്യ ചെയ്യുന്നതിനാണ് വിഷത്തെക്കുറിച്ച് സെർച്ച് ചെയ്തത്. ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിൽ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോൺ രാജ് കുടിച്ച ശേഷം വീട്ടിൽനിന്നു പോയി എന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങൾ കെട്ടുകഥകൾ ആണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു

2022 ഒക്ടോബർ പത്തിനാണ് ഷാരോൺ രാജ് വിഷം ഉള്ളിൽചെന്ന് അവശനിലയിലായത്. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാതിരുന്നതിനെ തുടർന്നാണ് കൊല ആസൂത്രണം ചെയ്തത്. ഷാരോൺ രാജിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയെന്നാണ് കേസ്. 11 ദിവസം കഴിഞ്ഞാണ് മെഡിക്കൽ കോളജ് ഐസിയുവിൽ ഷാരോൺ രാജ് മരിച്ചത്. സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷൻ ആശ്രയിക്കുന്നത്. ഷാരോണിന്റെ മരണമൊഴിയും, ഗ്രീഷ്മ ചതിച്ചതായി ഷാരോൺ സുഹൃത്ത് റെജിനോട് പറഞ്ഞതും കേസിൽ നിർണായകമായി.

ഇംഗ്ല‌ീഷിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയായിരുന്നു ജെ പി ഷാരോൺരാജ്.

കഴിഞ്ഞ ഒക്ടോബർ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു. 2022 ഒക്‌ടോബർ 14ന് ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് ഷാരോൺ രാജ് കഷായം കഴിക്കുന്നത്. ശാരീരിക ബന്ധത്തിന് നിർബന്ധിച്ചാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

അവശനിലയിലായി പല ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 25ന് ഷാരോൺ മരിച്ചു. ക്രൈംബ്രാഞ്ചിന്റെ കേസ് അന്വേഷണത്തിനിടെ ഒക്‌ടോബർ 30ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തി. തൊട്ടടുത്ത ദിവസം അറസ്റ്റിലായ ഗ്രീഷ്മ പൊലീസ് സ്‌റ്റേഷന്റെ ശുചിമുറിയിൽ അണുനാശിനി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഒരു വർഷം ജയിലിൽ കിടന്ന ശേഷമാണ് ജാമ്യം ലഭിച്ചത്

ഗ്രീഷ്മ നൽകിയ കഷായമാണ് താൻ കുടിച്ചതെന്ന് ഷാരോൺ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു നൽകിയ മരണമൊഴിയാണ് കേസിൽ നിർണായകമായത്. കളനാശിനി കലർത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞിരുന്നു. ഗ്രീഷ്മ ചതിച്ചതായി സുഹൃത്ത് റെജിനോടും മരണത്തിന് രണ്ട് ദിവസം മുൻപ് പിതാവ് ജയരാജിനോടും ഷാരോൺ പറഞ്ഞിരുന്നു.

അമിത അളവിൽ ഗുളികകൾ കലർത്തിയ ജ്യൂസ് കുടിപ്പിക്കൽ ചാലഞ്ച് നടത്തി ഷാരോണിനെ കൊലപ്പെടുത്താൻ കൊലപാതകത്തിന് രണ്ടു മാസം മുൻപും ഗ്രീഷ്മ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കയ്പുകാരണം ഷാരോൺ അന്ന് അതു തുപ്പിക്കളഞ്ഞു. അമിത അളവിൽ ഈ മരുന്നു കഴിച്ചാലുള്ള ആഘാതങ്ങളെക്കുറിച്ച് ഈ സംഭവം നടന്ന ദിവസം രാവിലെ ഗ്രീഷ്മ ഇന്റർനെറ്റിൽ പരതിയത് പൊലീസ് കണ്ടെത്തി.

ഷാരോണിന് വിഷം നൽകിയ ദിവസം രാവിലെയും വിഷത്തിന്റെ പ്രവർത്തന രീതിയെപ്പറ്റി ഗ്രീഷ്മ ഇന്റർനെറ്റിൽ തിരച്ചിൽ നടത്തി. പലതവണ അഭ്യർത്ഥിച്ചിട്ടും തന്റെ സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗ്രീഷ്മയുടെ മൊഴി. കേരളത്തിൽ വിചാരണ നടത്താൻ കഴിയില്ലെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു

Post a Comment

Previous Post Next Post