(www.kl14onlinenews.com)
(05-jan-2025)
ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ. അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിൻ്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പി.വി. അന്‍വര്‍ എം.എല്‍.എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയാണ് കേസ്. പി.വി. അന്‍വര്‍ ഒന്നാംപ്രതിയാണ്. പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ട്.
അന്‍വറിൻ്റെ ഒതായിയിലെ വീട്ടിന് പുറത്ത് വന്‍ സന്നാഹമൊരുക്കിയ ശേഷമാണ് പോലീസ് കസ്റ്റിഡിയില്‍ എടുത്തത്. പിന്നാലെ അന്‍വറിന് പിന്തുണയുമായി അനുയായികളും ഡി.എം.കെ. പ്രവര്‍ത്തകരും തടിച്ചുകൂടി. അൻവറിനെ പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധിച്ചു.
ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.എം.കെ. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസിൻ്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചു. ജില്ലാ ആശുപത്രിയിലെത്തിയും പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് തുടര്‍ന്നാണ് പോലീസിൻ്റെ നടപടി
വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പിവി അൻവർ ആരോപിച്ചു. പരുക്കറ്റ മണിയെ മണിക്കൂറുകൾ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. 9 ദിവസത്തിനിടെ 6 പേരെ ആന കൊന്നുവെന്നും സർക്കാർ എന്ത് ചെയ്തെന്നും അൻവർ ചോദിച്ചു. എംഎൽഎ എന്ന നിലയിൽ തനിയ്ക്ക് ഒരു കോൾ പോലും വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി കുടുംബങ്ങൾക്ക് വീട്ടിലേക്ക് എത്താൻ ഉള്ള വഴിയിലെ അടിക്കാടുകൾ പോലും വെട്ടുന്നില്ലെന്ന് എംഎൽഎ ആരോപിച്ചു
Post a Comment