ഒരു എംഎൽഎയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്തത്; 'ഇത് ഭരണകൂട ഭീകരത': രമേശ് ചെന്നിത്തല

(www.kl14onlinenews.com)
(05-jan-2025)

ഒരു എംഎൽഎയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്തത്; 'ഇത് ഭരണകൂട ഭീകരത': രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റ് ഭരണകൂല ഭീതകരയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു എംഎല്‍എയെ രാത്രിയില്‍ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. സിപിഐഎമ്മിനെ എതിര്‍ക്കുന്നവരെ അറസ്റ്റ് ചെയ്യുക എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പി വി അന്‍വറിനോട് തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. സര്‍ക്കാരിനും അഭിപ്രായ വ്യത്യാസങ്ങള്‍ കാണും. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ എത്ര പേരെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അന്‍വര്‍ ഒരു എംഎല്‍എയല്ലേയെന്നും എവിടെയും ഒളിച്ചുപോകുന്ന സാഹചര്യമില്ലല്ലോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പൊലീസ് നിയമപരമായി വേണം പ്രവര്‍ത്തിക്കാന്‍. ഇവിടെ പൊലീസിന്റെ നടപടി കിരാതമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. അറസ്റ്റ് നീക്കം ഭരണകൂട ഭീകരതയെന്നായിരുന്നു പി വി അന്‍വറിന്റെ പ്രതികരണം.മോദിയേക്കാള്‍ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും യഥാര്‍ത്ഥ വിഷയത്തില്‍ അടിയന്തര നടപടിയില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു. അറസ്റ്റിന് പിന്നാലെ അന്‍വറിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. ഇതിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

നിലമ്പൂരില്‍ കാട്ടനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി വി അന്‍വറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 121 (ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പിക്കുക-ജാമ്യമില്ലാക്കുറ്റം), 132 (ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക- ജാമ്യമില്ലാക്കുറ്റം), 189 (2) (അന്യായമായി സംഘം ചേരല്‍-ജാമ്യം ലഭിക്കാവുന്ന കുറ്റം), 190 (പൊതു ഉദ്ദേശത്തിനായി സംഘം ചേരുക), 191 (2) (കലാപം-ജാമ്യം ലഭിക്കാവുന്ന കുറ്റം), 329(3) (അതിക്രമിച്ച് കടക്കുക- ജാമ്യം ലഭിക്കാവുന്ന കുറ്റം), 332 (സി) (കുറ്റകൃത്യത്തിനായി അതിക്രമിച്ച് കടക്കുക-ജാമ്യം ലഭിക്കാവുന്ന കുറ്റം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി നിയമത്തിന്റെ 3 (1) വകുപ്പ് അനുസരിച്ച് ജാമ്യമില്ലാക്കുറ്റവും അന്‍വറിനെതിരെ ചുമത്തി. അന്‍വറിന് പുറമേ പത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരുന്നു.

Post a Comment

Previous Post Next Post