82 റൺസെടുത്ത ജയ്സ്വാൾ റണ്ണൗട്ടായി; പിന്നാലെ തകർച്ച; ഫോളോ ഓൺ ഒഴിവാക്കാൻ 111 റൺസ് കൂടിവേണം

(www.kl14onlinenews.com)
(27-Dec-2024)

82 റൺസെടുത്ത ജയ്സ്വാൾ റണ്ണൗട്ടായി; പിന്നാലെ തകർച്ച; ഫോളോ ഓൺ ഒഴിവാക്കാൻ 111 റൺസ് കൂടിവേണം
മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റില്‍ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയിൽ. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 310 റണ്‍സ് വേണം. ഫോളോ ഓൺ ഒഴിവാക്കാൻ 111 റൺസ് കൂടി വേണം. ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. 5 പന്തില്‍ 3 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. മൂന്നാമനായി ഇറങ്ങിയ കെ എല്‍ രാഹുല്‍ 24 റണ്‍സിന് പുറത്തായി. പിന്നാലെ വിരാട് കോഹ്ലിയും യശസ്വി ജയ്‌സ്വാളും ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. ഇരുവരും മൂന്നാം വിക്കറ്റില്‍ 102 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യ മികച്ച ഇന്നിങ്സ് കെട്ടിപ്പടുക്കുമെന്ന് തോന്നിച്ചെങ്കിലും 118 പന്തില്‍ 82 റണ്‍സടിച്ച യശസ്വിയെ റണ്‍ ഔട്ടാക്കി പാറ്റ് കമ്മിൻസ് കളിയുടെ ഗതിമാറ്റി. പിന്നാലെ 36 റണ്‍സെടുത്ത് വിരാട് കോഹ്ലിയും പുറത്തായി. നൈറ്റ്‌വാച്ച്മാനായെത്തിയ ആകാശ് ദീപിനും അധികം ആയുസുണ്ടായിരുന്നില്ല. 13 പന്ത് നേരിട്ട ആകാശ് ദീപിന് അക്കൗണ്ട് തുറക്കാനായില്ല. ആറ് റണ്‍സോടെ ഋഷഭ് പന്തും നാല് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഓസ്‌ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും 2 വിക്കറ്റ് വീതം വീഴ്ത്തി. ‌

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 474 റണ്‍സ് നേടി പുറത്തായിരുന്നു. രണ്ടാം ദിനം 6ന് 311 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസിനായി സ്റ്റീവ് സ്മിത്തും പാറ്റ് കമ്മിന്‍സും വേഗം സ്‌കോറുയര്‍ത്തി. പിന്നാലെ സ്മിത്ത് സെഞ്ചുറി നേടി. താരത്തിന്റെ 34-ാമത് ടെസ്റ്റ് സെഞ്ചുറിയും മെല്‍ബണിലെ അഞ്ചാം സെഞ്ചുറിയുമാണിത്. ടീം സ്‌കോര്‍ 400 കടന്നതിന് പിന്നാലെ കമ്മിന്‍സിന്റെ വിക്കറ്റ് നഷ്ടമായി. 49 റൺസിനാണ് കമ്മിന്‍സിനെ ജഡേജ പുറത്താക്കിയത്. 140 റണ്‍സെടുത്ത സ്മിത്തിനെ ആകാശ് ദീപ് പുറത്താക്കി. സ്റ്റാര്‍ക്ക്(15), ലിയോണ്‍(13) എന്നിവങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ

ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ആറുവിക്കറ്റിന് 311 റണ്‍സാണ് ഓസീസെടുത്തത്. അരങ്ങേറ്റക്കാരന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് (60), സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (57), മാര്‍നെസ് ലബുഷെയ്ന്‍ (72), സ്റ്റീവന്‍ സ്മിത്ത് എന്നിവരാണ് ടീമിനെ മികച്ചനിലയിലേക്ക് നയിച്ചത്. ചരിത്രം കുറിച്ച് അരങ്ങേറിയ ഓസീസ് ഓപ്പണര്‍ സാം കോണ്‍സ്റ്റാസാണ് ആദ്യദിനത്തിലെ താരം. 19 വര്‍ഷവും 85 ദിവസവും പ്രായമുള്ളപ്പോള്‍ കളിക്കാനിറങ്ങിയ ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ പ്രായംകുറഞ്ഞ ഓപ്പണറെന്ന റെക്കോഡ് താരം സ്വന്തമാക്കി.

അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ചുറി നേടിയത് മാത്രമല്ല ജസ്പ്രീത് ബുംറയെ മനോഹര ഷോട്ടുകളിലൂടെ രണ്ടുതവണ സിക്സിനു പറത്തിയതാണ് ഓസീസ് താരത്തെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തിച്ചത്. 65 പന്തില്‍ രണ്ടു സിക്സും ആറു ഫോറും സഹിതമാണ് 60 റണ്‍സ് നേടിയത്. ഒടുവില്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങിയാണ് താരം പുറത്തായത്.

Post a Comment

Previous Post Next Post