(www.kl14onlinenews.com)
(29-Dec-2024)
ഞായറാഴ്ച രാവിലെ ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്ന് വീണ് നിരവധി പേർ കൊല്ലപ്പെട്ടു.181 പേരുമായി പുറപ്പെട്ട ജെജു എയർ വിമാനം തകർന്നുവീണാണ് 47 പേർക്ക് ദാരുണാന്ത്യവും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ബാങ്കോക്കിൽ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറൻ തീരദേശ വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 9:07 ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി വേലിയിൽ ഇടിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രങ്ങളിലും വീഡിയോകളിലും കാണുന്നത് പ്രകാരം വിമാനം ലാൻഡിംഗിനിടെ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. ശക്തമായ പുകയും തീയും ഉയർന്നതോടെ വിമാനത്തെ അഗ്നി ഗോളം വിഴുങ്ങി.
വിമാനത്തിൽ 175 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നതായി യോൻഹാപ്പ് റിപ്പോർട്ട് ചെയ്തു.
അടിയന്തര രക്ഷാപ്രവർത്തനത്തിൽ രണ്ട് പേരെ പുറത്തേയ്ക്കെത്തിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
വൻ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കിടയിൽ വെള്ളിയാഴ്ച നേതൃത്വം ഏറ്റെടുത്ത ആക്ടിംഗ് പ്രസിഡൻ്റ് ചോയ് സുങ്-മോക്ക്, രക്ഷാപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ സർക്കാർ ഏജൻസികൾക്ക് നിർദ്ദേശം നൽകി.
സൗത്ത് ജിയോല്ല പ്രവിശ്യയിലെ നിർണായക പ്രാദേശിക കേന്ദ്രമായ മുവാൻ ഇൻ്റർനാഷണൽ എയർപോർട്ടിലെ ആദ്യത്തെ പ്രധാന സംഭവമാണിത്.
തകർച്ചയുടെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് യോൻഹാപ്പ് റിപ്പോർട്ട് ചെയ്തു. വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയറിന് തകരാർ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആഗോള വ്യോമയാനത്തെ സംബന്ധിച്ചിടത്തോളം പ്രക്ഷുബ്ധമായ ഒരു ആഴ്ചയിലെ മറ്റൊരു സംഭവമാണിത്. ഡിസംബർ 25 ന്, അസർബൈജാൻ എയർലൈൻസിൻ്റെ ഒരു ജെറ്റ്, കസാക്കിസ്ഥാനിലെ അക്തൗവിന് സമീപം തകർന്നുവീണിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 67 പേരിൽ 38 പേരും മരിച്ചു.
ചെചെൻ തലസ്ഥാനമായ ഗ്രോസ്നിയിലേക്കുള്ള യാത്രാമധ്യേ റഷ്യൻ വ്യോമ പ്രതിരോധത്തിൽ നിന്ന് വിമാനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു, അത് വഴിതിരിച്ചുവിടാൻ നിർബന്ധിതരായി. റഷ്യൻ വ്യോമാതിർത്തിയിൽ വാണിജ്യ വിമാനം തകർത്ത സംഭവത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പിന്നീട് അസർബൈജാനോട് ക്ഷമാപണം നടത്തി.
Post a Comment