പൊലീസ് അന്വേഷണം ശരിയായ ദിശയിൽ; നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ

(www.kl14onlinenews.com)
(05-Dec-2024)

പൊലീസ് അന്വേഷണം ശരിയായ ദിശയിൽ; നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ. നിലപാട് സർക്കാർ നാളെ ഹൈക്കോടതിയെ അറിയിക്കും. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സർക്കാർ നിലപാട്. പൊലീസ് അന്വേഷണത്തില്‍ പാളിച്ചകളില്ലാത്തതിനാൽ അന്വേഷണം സിബിഐയ്ക്ക് വിടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിക്കും.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ചുഷ നൽകിയ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ഭരണകക്ഷിയിലെ നേതാവ് പ്രതിയായ കേസിൽ നേരായ അന്വേഷണം നടക്കില്ലെന്നുമാണ് മഞ്ജുഷയുടെ വാദം. കേസ് കോടതി നാളെ പരിഗണിക്കും.

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാനമെന്ന വാദം അംഗീകരിക്കില്ലെന്നും, സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു. കോടതി ആവശ്യമായ നിലപാട് സ്വീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ ജില്ലാ കലക്ടർക്കും, പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി.വി. പ്രശാന്തിനും കോടതി നോട്ടീസ് നൽകിയിരുന്നു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകാൻ ഉത്തരവിട്ടത്.

നേരത്തെ കേസ് പരിഗണിച്ചപ്പോൾ കേസിൽ പ്രതി ചേർക്കാത്ത ജില്ലാ കലക്ടറുടേയും ടി.വി. പ്രശാന്തിന്റേയും മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇരുവർക്കും നോട്ടീസ് അയക്കാൻ തീരുമാനിച്ചത്.

Post a Comment

Previous Post Next Post