(www.kl14onlinenews.com)
(05-Dec-2024)
ആലപ്പുഴ: കളര്‍കോട് വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് (20) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആൽവിൻ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദ്യാർത്ഥിയെ കുടുംബത്തിൻ്റെ ആവശ്യപ്രകാരം വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നു വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്. നാടിനെ നടുക്കി ആലപ്പുഴയിലെ കളർകോട് ഉണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞ ജീവനുകൾ ഇതോടെ ആറായി.
ആലപ്പുഴ മെഡിക്കൽ കോളജിലെ ആറു എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥികളാണ് അപകടത്തിൽ മരണപ്പെട്ടത്. കോട്ടയം സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ട മറ്റു വിദ്യാർത്ഥികൾ.
അതേസമയം, അപകടത്തിൽപെട്ട വാഹനം ഓടിച്ചിരുന്ന ഗൗരി ശങ്കറെന്ന വിദ്യാർത്ഥിയെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ആദ്യം റജിസ്റ്റർ ചെയ്ത കേസിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കിയായിരുന്നു എഫ്‌ഐആർ തയ്യാറാക്കിയത്. ഇത് റദ്ദാക്കി ഗൗരി ശങ്കറിനെ പ്രതിയാക്കിയാണ് പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
ഗൗരി ശങ്കറിന് ലൈസൻസ് നേടി അഞ്ച് മാസം മാത്രമാണ് ഡ്രൈവിങ് പരിചയമുള്ളത്. വാഹനം തെന്നിയപ്പോൾ നിയന്ത്രണത്തിലാക്കാൻ ഇയാൾക്ക് സാധിച്ചില്ല. അപകടത്തിന് തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ വെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. വാഹനത്തിന് 14 വർഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാത്തതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
Post a Comment