(www.kl14onlinenews.com)
(16-Dec-2024)
ന്യൂഡൽഹി: പാലസ്തീന് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി. പാലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ അടയാളമായ തണ്ണിമത്തൻ ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക പാർലമെന്‍റിലെത്തിയത്. കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ് പങ്ക് വച്ച ചിത്രം വൈറലായി. ബാഗിൽ പാലസ്തീൻ എന്ന് ഇംഗ്ലീഷിൽ ആലേഖനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പാലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് അൽ റാസിക് അബു ജാസിറുമായി പ്രിയങ്കാ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പാലസ്തീനിയൻ പോരാട്ടങ്ങൾക്ക് പ്രിയങ്കാ ഗാന്ധി പിന്തുണ അറിയിച്ചു. പാലസ്തീനുമായുള്ള ആത്മബന്ധവും പ്രിയങ്ക കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. ഈ കൂടിക്കാഴ്ച സമയത്ത് നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോക്‌സഭയിലേക്ക് കൊണ്ടുവന്നത് എന്നാണ് വിവരം
പ്രത്യേക ബാഗ് ധരിച്ച് പ്രിയങ്ക ഗാന്ധി പാലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. മനുഷ്യത്വത്തിന്‍റെ പ്രകാശനം, മാനവികതയുടെയും നീതിയുടെയും പ്രതിബദ്ധത! ജനീവ കൺവെൻഷൻ ലംഘിക്കാൻ ആർക്കും കഴിയില്ലെന്ന അവരുടെ നിലപാട് വ്യക്തമാണ്’ -എന്ന കുറിപ്പിനൊപ്പമാണ് ഷമാ ചിത്രം പങ്കുവെച്ചത്.
പോസ്റ്റിനു താഴെ പ്രിയങ്കയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് പോസ്റ്റിട്ടിരിക്കുന്നത്. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് പാലസ്തീന്‍ നേതാവ് യാസർ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കുട്ടിക്കാലത്ത് അദ്ദേഹത്തെ പലതവണ കണ്ടിരുന്നതിന്റെ ഓർമയും ആബിദ് അൽ റാസിക് അബു ജാസിറുമായുള്ള കൂടിക്കാഴ്ചയിൽ പങ്കുവെച്ചിരുന്നു
പാലസ്തീനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തനെ നോക്കിക്കാണുന്നത്. തണ്ണിമത്തന്റെ നിറങ്ങളായ ചുവപ്പ്, വെളുപ്പ്, പച്ച, കറുപ്പ് എന്നിവയാണ് പാലസ്തീന്‍ പതാകയിലെ നിറങ്ങൾ.
ബിജെപി നേതാവ് സാംബിത് പത്ര പ്രിയങ്കയെ വിമർശിച്ച് രംഗത്തെത്തി. ‘ഗാന്ധി കുടുംബം എപ്പോഴും പ്രീണനത്തിന്റെ ബാഗ് ചുമക്കുന്നുണ്ട്. തിരഞ്ഞെടുപ്പുകളിലെ അവരുടെ തോൽവിക്ക് കാരണം പ്രീണന ബാഗാണ്," പത്രസമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു
Post a Comment