(www.kl14onlinenews.com)
(07-Dec-2024)
തിരുവനന്തപുരം: യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പാലോട് ഇടിഞ്ഞാര്‍ കോളച്ചല്‍ കൊന്നമൂട് ഇന്ദുജാഭവനില്‍ ഇന്ദുജ(25)യെയാണ് ഭര്‍ത്താവ് ഇളവട്ടം സ്വദേശി അഭിജിത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.
അഭിജിത്തിനെതിരെയാണ് പിതാവ് പരാതി നൽകിയത്. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ. നേരത്തെ, മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇന്ദുജയും അഭിജിത്തും വിവാഹിതരായത്. മൂന്ന് മാസം മുമ്പ് ഇന്ദുജയെ വീട്ടിൽ നിന്നു വിളിച്ചിറക്കി അമ്പലത്തിൽവെച്ച് കല്യാണം കഴിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുമായി ഇരുവർക്കും ബന്ധമില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു
ഭർതൃ വീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി അഭിജിത്ത് വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്ദുജയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ ഇന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിൽ പാലോട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്.
Post a Comment