ബസ്സുകൾക്കിടയിൽ ഞെരുങ്ങി കേരള ബാങ്ക് മാനേജർ മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ

(www.kl14onlinenews.com)
(06-Dec-2024)

ബസ്സുകൾക്കിടയിൽ ഞെരുങ്ങി കേരള ബാങ്ക് മാനേജർ മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ
തിരുവനന്തപുരം: കിഴക്കേകോട്ടയിൽ രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി കേരള ബാങ്ക് മാനേജറായ 52കാരൻ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ്സിനും പ്രൈവറ്റ് ബസ്സിനും ഇടയിൽപ്പെട്ട് ഞെരുങ്ങിയാണ് മരണം സംഭവിച്ചത്. കേരള ബാങ്ക് സീനിയർ മാനേജർ കൊല്ലം ഇരവിപുരം സ്വദേശി ഉല്ലാസ് മുഹമ്മദ് (52) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ചാല പള്ളിയിൽ ജുമാ നമസ്കാരം കഴിഞ്ഞു വരവെയാണ് കേരള ബാങ്ക് സീനിയർ മാനേജർ ഉല്ലാസ് മുഹമ്മദ് അപകടത്തിൽപ്പെട്ടത്

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസ്സുകൾക്കിടയിൽ അകപ്പെട്ട് പോവുകയായിരുന്നു. രണ്ടു ബസ്സുകളുടെയും ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. കോവളം ഭാഗത്ത് നിന്നും വരികയായിരുന്നു കെഎസ്ആർടിസി ബസ്. കിഴക്കേക്കോട്ടയിൽ എത്തി ബസ് യൂടേൺ ഇടാനായി തിരിക്കുന്നന്നതിനിടെയാണ് അപകടം സംഭവിച്ചത്. കെഎസ്ആർടിസി ബസിന്‍റെ മുൻഭാഗത്ത് നിക്കുകയായിരുന്നു ഉല്ലാസ്.

കെഎസ്ആർടിസി ബസ് മുന്നോട്ടെടുക്കുമ്പോൾ തന്നെ ഒരു പ്രൈവറ്റ് ബസ് കെഎസ്ആർടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിച്ചു. ഇതോടെ ഉല്ലാസ് രണ്ട് ബസുകൾക്കിടയിൽ പെട്ട് ഞെരുങ്ങുകയായിരുന്നു. ആളുകൾ ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി. പൊലീസ് വാഹനത്തിൽ ഉല്ലാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post