മൻമോഹൻ സിംഗിനെ കേന്ദ്രം അപമാനിച്ചു; സംസ്കാര ചടങ്ങിനിടെ രാഹുൽ ഗാന്ധി

(www.kl14onlinenews.com)
(28-Dec-2024)

മൻമോഹൻ സിംഗിനെ കേന്ദ്രം അപമാനിച്ചു; സംസ്കാര ചടങ്ങിനിടെ രാഹുൽ ഗാന്ധി
അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കേന്ദ്ര സർക്കാരും ബിജെപിയും അപമാനിച്ചെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. മൻമോഹൻ സിംഗിന്റെ അന്ത്യകർമങ്ങൾ അദ്ദേഹത്തിന്റെ പേരിൽ സ്‌മാരകം നിർമ്മിക്കാൻ നിശ്ചയിച്ച സ്ഥലത്ത് നടത്തണമെന്ന പാർട്ടിയുടെ അഭ്യർത്ഥന നിഷേധിച്ച കേന്ദ്ര നടപടിക്കെതിരെയാണ് രാഹുൽ ഗാന്ധി രംഗത്ത് വന്നത്.

'ഭാരതമാതാവിന്റെ മഹാനായ പുത്രനും സിഖ് സമുദായത്തിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിംഗ് ജിയുടെ അന്ത്യകർമങ്ങൾ ഇന്ന് നിഗംബോധ് ഘട്ടിൽ നടത്തിയതിലൂടെ ഇന്നത്തെ സർക്കാർ പൂർണ്ണമായും അദ്ദേഹത്തെ അപമാനിച്ചിരിക്കുന്നു' ശവസംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു.

മുൻ പ്രധാനമന്ത്രിയായ മൻമോഹൻ സിംഗിന്റെ അന്ത്യകർമങ്ങൾ ഒരു സമർപ്പിത സ്‌മാരകത്തിൽ നടത്തണമെന്ന് കോൺഗ്രസ് ഇന്നലെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൻമോഹൻ സിംഗിന്റെ മൃതദേഹം പൊതു ശ്‌മശാനമായ നിഗംബോധ് ഘട്ടിൽ സംസ്‌കരിക്കാനായിരുന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചത്.ഇതാണ് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.

മൻമോഹൻ സിംഗിന് വേണ്ടി ഡൽഹിയിൽ സ്‌മാരകം നിർമ്മിക്കുമെന്നും ഈ തീരുമാനം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്നീട് വ്യക്തമാക്കിയെങ്കിലും കോൺഗ്രസ് കടുത്ത വിമർശനമാണ് ബിജെപിക്കെതിരെയും കേന്ദ്രത്തിനെതിരെയും ഉന്നയിക്കുന്നത്.

ഒരു ദശാബ്‌ദക്കാലം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യം ഒരു സാമ്പത്തിക മഹാശക്തിയായി മാറി. അദ്ദേഹത്തിന്റെ നയങ്ങൾ ഇപ്പോഴും രാജ്യത്തെ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പിന്തുണയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഡോ. മൻമോഹൻ സിംഗ് നമ്മുടെ ഏറ്റവും വലിയ ആദരവും ഒരു സ്‌മാരകവും അർഹിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

Post a Comment

Previous Post Next Post