(www.kl14onlinenews.com)
(12-Dec-2024)
വൈക്കത്ത് തന്തൈ പെരിയാർ സ്മാരകത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും. നവീകരിച്ച സ്മാരകത്തിൻ്റെ ഉദ്ഘാടനത്തിന് പിന്നാലെ ഇരു നേതാക്കന്മാരും പെരിയാർ മ്യൂസിയത്തിൽ സന്ദർശനം നടത്തി.
വൈക്കം വലിയ കവലയിൽ 84 സെൻ്റിലാണ് തന്തൈ പെരിയാർ സ്മാരകം സ്ഥിതി ചെയ്യുന്നത്. പെരിയാറിന്‍റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്. പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നടന്നു.
രാവിലെ ഇരു മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യുമെന്ന് കരുതിയെങ്കിലും ഇതുണ്ടായില്ല. കൂടിക്കാഴ്ചയിൽ മന്ത്രി വി.എൻ വാസവനും തമിഴ്നാട് മന്ത്രി ദുരൈ മുരുകനും പങ്കെടുത്തിരുന്നു. 15 മിനുട്ട് നേരമായിരുന്നു കുമരകത്ത് ഇരുവരും താമസിച്ചിരുന്ന റിസോട്ടിൽ കൂടിക്കാഴ്ച നടന്നത്.
കേരളത്തിലെ മന്ത്രിമാരായ വി എൻ വാസവനും സജി ചെറിയാനും തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകൻ, ഇ വി വേലു, എം പി സ്വാമിനാഥൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് വൈക്കം ബീച്ച് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു.1985-ൽ കേരള സർക്കാർ വൈക്കം വലിയ കവലയിൽ നൽകിയ 84 സെന്റ് സ്ഥലത്ത് തന്തൈ പെരിയാർ സ്മാരകം പണിയാൻ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംജിആർ തീരുമാനിക്കുകയായിരുന്നു.
അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം തമിഴ്‌നാട് മന്ത്രി ഡോ. നാവലർ വി.ആർ. നെടുഞ്ചെഴിയൻ തറക്കല്ലിട്ടു. 1994-ൽ സ്മാരകം അദ്ദേഹം തന്നെ തുറന്നുകൊടുത്തു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ മുതൽമുടക്കിയാണ് തമിഴ്നാട് സർക്കാർ സ്മാരകം നവീകരിച്ചത്
Post a Comment