(www.kl14onlinenews.com)
(29-Dec-2024)
ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന പ്രതി പരോൾ ലഭിക്കാൻ വ്യാജ രേഖയുമായി തട്ടിപ്പ്; ജയിൽ അധികൃതർ പിടിച്ചു
തിരുവനന്തപുരം: വ്യാജ രേഖ ഹാജരാക്കി അടിയന്തിര പരോൾ ലഭിക്കാനായി തട്ടിപ്പ് നടത്തി ഉത്ര കൊലക്കേസ് പ്രതി സൂരജ്. അച്ഛന് ഗുരുതരമായ അസുഖമെന്ന് പറഞ്ഞാണ് ഉത്തരക്കേസ് പ്രതി പരോളിന് ശ്രമിച്ചത്. വ്യാജ രേഖയിലെ വിവരങ്ങൾ വിശദമായി പരിശോധിച്ച് തട്ടിപ്പ് പൊളിച്ച് ജയിൽ അധികൃതർ.
സംഭവത്തിൽ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൂജപ്പുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അച്ഛന് ഗുരുതരമായ അസുഖമാണെന്ന് പറഞ്ഞ് പ്രതി വ്യാജ രേഖയാണ് ഹാജരാക്കിയത്. മെഡിക്കൽ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെ ആണ് സൂരജിന്‍റെ കള്ളം പൊളിഞ്ഞത്
പരോളിനുവേണ്ടി സൂരജ് അപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. ഇതിനെ തുടർന്നായിരുന്നു അച്ഛന് ഗുരുതര രോഗമാണെന്ന് ചൂണ്ടിക്കാട്ടി പരോൾ ആവശ്യപ്പെട്ട് സൂപ്രണ്ടിന് അപേക്ഷ നൽകിയത്. അപേക്ഷയിൽ അച്ഛന് രോഗമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഡോക്ടർ സർട്ടിഫിക്കറ്റും നൽകിയിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നതിനായി സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറോട് തന്നെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ വിവരങ്ങൾ ചോദിച്ചു. ഇതിനോടൊപ്പം സൂപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചു നൽകിയിരുന്നു.
സർട്ടിഫിക്കറ്റ് നൽകിയത് താനായിരുന്നെങ്കിലും അതിൽ ഗുരുതരമായ അസുഖമാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടർ നൽകിയ മറുപടി. ഇതോടെയാണ് സൂരജ് നൽകിയത് വ്യാജ രേഖയാണെന്ന് വ്യക്തമായത്. ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതിൽ ഗുരുതര അസുഖമാണെന്ന് എഴുതിച്ചേർത്തതെന്നാണ് കണ്ടെത്തൽ. തുടർന്നായിരുന്നു സൂരജിനെതിരെ സൂപ്രണ്ട് പൂജപ്പുര പൊലീസിൽ പരാതി സമർപ്പിച്ചത്. അമ്മയായിരുന്നു സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തിൽ സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും
വ്യാജരേഖ ഉണ്ടാക്കാൻ സൂരജിനെയും അമ്മയെയും സഹായിച്ചവരെയും കണ്ടെത്തും. പരോൾ സംഘടിപ്പിക്കാൻ വ്യാജ രേഖകളുണ്ടാക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിന് ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്.
2021 ഒക്ടോബർ 13നാണ് കോടതി 17 വർഷം തടവ് വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലാണ് സൂരജ് ശിക്ഷ അനുഭവിക്കുന്നത്.
Post a Comment