ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും; യാത്രയയപ്പ് നൽകില്ല

(www.kl14onlinenews.com)
(29-Dec-2024)

ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും; യാത്രയയപ്പ് നൽകില്ല
കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ അഞ്ചു വർഷം ഏറെ ചലനങ്ങളും വിവാദങ്ങളും സൃഷ്ടിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സംസ്ഥാനം വിടും. ജനുവരി രണ്ടാം തീയതി അദ്ദേഹം ബിഹാർ ഗവർണറായി ചുമതല ഏൽക്കും. കൊച്ചിയിൽ നിന്നും വിമാന മാർഗം ഡൽഹിയിലെത്തിയ ശേഷമാണ് അദ്ദേഹം ബീറാറിലേക്ക് പോകുക. അതേസമയം രാജ്ഭവൻ്റെ ഗാർഡ് ഓഫ് ഓണറോടെ മാത്രമായിരിക്കും യാത്രയയപ്പ് നടക്കുക.

ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു. മുൻ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന് സർക്കാർ ഹൃദ്യമായ യാത്രയയപ്പ് നൽകിയിരുന്നു. അന്ന് രാജ്ഭവനിലെ യാത്രയയപ്പിന് പിന്നാലെ മുഖ്യമന്ത്രി മറ്റൊരു യാത്രയയപ്പും നടത്തിയിരുന്നു. എന്നാൽ സർക്കാരിന് എന്നും തലവേദനയായ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് വേണ്ടെന്ന നിലപാടിലാണ് സർക്കാർ. ഇതിനിടെ ഗവർണർക്ക് രാജ്ഭവൻ ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പും റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഃഖാചരണം കണക്കിലെടുത്താണ് യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കിയത്. ഇന്നലെ ചീഫ് സെക്രട്ടറി രാജ്ഭവനില്‍ എത്തി ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ മെമന്റോയും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ കൈമാറി.

സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിച്ചും സർവകലാശാല ഭരണത്തിൽ നേരിട്ട് ഇടപെട്ടും ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെതിരെ നിരന്തരം പുതിയ യുദ്ധമുഖങ്ങൾ തുറന്നു. മുഖ്യമന്ത്രിയുമായി നേർക്കുനേർ വാക്പോരുവരെയെത്തി കാര്യങ്ങൾ. വൈസ്ചാൻസലർ നിയമനം നേരായ രീതിയിലല്ലെന്ന് കാണിച്ച് കൂട്ട കാരണം കാണിക്കൽ നോട്ടിസ് നൽകിയത് രാജ്യത്തുതന്നെ ആദ്യ സംഭവമായി

ഗവർണറെ തെരുവിൽ നേരിടുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചതിന് പിറകെ ഗവർണർ എസ്എഫ്ഐക്കെതിരെ നേരിട്ടിറങ്ങി.രാജ്ഭവനിലും പുറത്തും മാധ്യമങ്ങളോട് സംസാരിച്ചും, പൊതു ചടങ്ങുകളിൽ ധാരാളമായി പങ്കെടുത്തും ഗവർണർ നേരിട്ട് സംവദിച്ചു.

പുതിയ കേരള ഗവര്‍ണറായി നിയമിക്കപ്പെട്ട രാജേന്ദ്ര അര്‍ലേക്കര്‍ 2025 ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. ജനുവരി 1ന് അദ്ദേഹം കേരളത്തിലെത്തും. നിലവിൽ ബീഹാർ ഗവർണർ ആണ് അദ്ദേഹം. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനംപരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post