കണ്ണീരായി പനയമ്പാടം: പരീക്ഷ കഴിഞ്ഞ് അവർ ഒന്നിച്ച് നടന്നുനീങ്ങിയത് മരണത്തിലേക്ക്

(www.kl14onlinenews.com)
(12-Dec-2024)

കണ്ണീരായി പനയമ്പാടം: പരീക്ഷ കഴിഞ്ഞ് അവർ ഒന്നിച്ച് നടന്നുനീങ്ങിയത് മരണത്തിലേക്ക്
പാലക്കാട്: പരീക്ഷ കഴിഞ്ഞ് സ്കൂളിൽനിന്നിറങ്ങിയ കളിക്കൂട്ടുകാർ ഒന്നിച്ചു നടന്നു നീങ്ങിയത് മരണത്തിലേക്ക്... ഒന്നിച്ച് സ്കൂളിൽ പോകുകയും ഒരുമിച്ച് വീട്ടിലേക്കു മടങ്ങുകയും ചെയ്യുന്നവരാണിവർ. എല്ലാവരും സമപ്രായക്കാർ. കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ പള്ളിപറമ്പിൽ അബ്ദുൽ സലീമിന്റെയും ഫാരിസയുടെയും മകൾ ഇർഫാന ഷെറിൻ (13), പട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവളേങ്ങിൽ അബ്ദുൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ ആയിഷ (13) എന്നിവരാണ് മരിച്ചത്

കണ്ടുനിന്നവരെ ഒരുപോലെ കണ്ണ് നനയിക്കുന്ന രംഗങ്ങൾക്കാണ് പനയമ്പാടം സാക്ഷിയായത്. വിവരമറിഞ്ഞ് അപകടസ്ഥലത്തും ആശുപത്രികളിലും ഓടിയെത്തിയ രക്ഷിതാക്കൾ അപകടംപറ്റിയതാർക്കെന്നറിയാതെ അലമുറയിടുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതായിരു​ന്നു. അധ്യാപകരും രക്ഷാകർതൃസമിതി ഭാരവാഹികളും ജനപ്രതിനിധികളും ആശുപത്രിയിലെത്തി. സ്ഥലത്തെത്തിയ ജനപ്രതിനിധികളും ജില്ല ഭരണാധികാരികളും എന്തു പറയണമെന്നറിയാതെ കുഴങ്ങി.

പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് നാല് പേരും. ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്. മൂന്ന് പേർ തച്ചമ്പാറ സ്വകാര്യാശുപത്രിയിലും മറ്റൊരു വിദ്യാർഥിനി മണ്ണാർക്കാട്ടെ സ്വകാര്യാശുപത്രിയിലുമാണ് മരിച്ചത്.

പനയമ്പാടം സ്ഥിരം അപകടമേഖലയാണെന്നും പരിഹാരനടപടികൾ വേണമെന്നും സ്ഥലം എം.എൽ.എ അഡ്വ. കെ. ശാന്തകുമാരി രണ്ടു വർഷം മുമ്പ് തന്നെ നിയമസഭയിൽ ആവശ്യമുന്നയിച്ചിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ ദേശീയപാത വിഭാഗത്തെ വിഷയം അറിയിച്ചെങ്കിലും ഡി.പി.ആറിൽ മാറ്റം വരുത്താനാകില്ലെന്ന നിലപാടായിരുന്നു ദേശീയപാത ഉദ്യോഗസ്ഥർക്ക്. 2021ൽ വിഷയം ലോക്സഭയിൽ ഉന്നയിച്ചതാണെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു.

ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല, റോഡിൽ തെന്നൽ: ക്ലീനറും ഡ്രൈവറും കസ്റ്റഡിയിൽ

പാലക്കാട്∙ പനയമ്പാടത്ത് 4 വിദ്യാർഥികളുടെ ജീവനെടുത്ത അപകടത്തിനു കാരണമായ ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍. മഹേന്ദ്ര പ്രസാദ് എന്നയാളാണ് ലോറിയുടെ ഡ്രൈവര്‍. വര്‍ഗീസ് എന്ന ആളാണ് ക്ലീനര്‍. ഇരുവരും പരുക്കുകളോടെ പാലക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.

വർഗീസിന്റെ കാലിനു പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ ഒരു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ മരണം സംഭവിച്ചതോടെ കുട്ടിയുടെ മൃതദേഹം പാലക്കാട് സർക്കാർ‌ മെഡിക്കൽ കോളജിലേക്ക് മാറ്റി.

മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡിൽ തെന്നലുണ്ടായിരുന്നു എന്നാണ് ഡ്രൈവറുടെ മൊഴി. ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നൽകി. ഇരുവരുടെയും രക്ത സാംപിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.

അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടേര്‍ വാഹന വകുപ്പും പരിശോധന നടത്തി. വാഹനത്തിലുള്ള ലോഡിന്‍റെ ഭാരം കൃത്യമായിരുന്നു. മുൻപ് ഇവിടെ അപകടങ്ങൾ നടന്നതിനാൽ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. പനയമ്പാടത്തെ സ്ഥിരം അപകട വളവിൽ 4 വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ അപകടം ഇന്ന് വൈകിട്ടാണ് നടന്നത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. ഇതിനു പിന്നാലെ നാട്ടകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രശ്‌ന പരിഹാരം കാണാമെന്ന പാലക്കാട് എഡിഎമ്മിന്റെ ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്

Post a Comment

Previous Post Next Post