(www.kl14onlinenews.com)
(27-Dec-2024)
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. പൂർണ ഔദ്യോഗീക ബഹുമതികളോട് സംസ്‌കാരം ശനിയാഴ്ച നടക്കും. വിദേശത്തുള്ള അദ്ദേഹത്തിന്റെ മകൾ എത്തിയതിന് ശേഷമാകും സംസ്‌കാരം.എഐസിസി ആസ്ഥാനത്തും പൊതുദർശനമുണ്ടാകും.
മൻമോഹൻ സിങ്ങിനോടുള്ള ആദര സൂചകമായി രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. കോൺഗ്രസും എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മൻമോഹൻ സിങ്ങിന്റെ മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോൺഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കൾ ഡൽഹിയിൽ എത്തുകയായിരുന്നു.
പുലർച്ചയോടെ ഡൽഹിയിലെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി ആദമരമർപ്പിച്ചു. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു. വ്യാഴാഴ്ച രാത്രി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു മൻമോഹൻ സിങ്. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.
ഭാരതത്തിന്റെ മഹത്തായ പുത്രൻ- രാഷ്ട്രപതി
ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരിൽ ഒരാളെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചിച്ചു. അക്കാദമിക ലോകത്തും ഭരണരംഗത്തും ഒരേപോലെ അനായാസമായി കടന്നുവന്ന അപൂർവ രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു മൻമോഹൻ സിങ്.പൊതുപ്രവർത്തനത്തിലെ തന്റെ വിവിധ പദവികളിലിരുന്നുകൊണ്ട്, ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പരിഷ്‌കരിക്കുന്നതിന് അദ്ദേഹം നിർണായക സംഭാവനകൾ നൽകി. രാഷ്ട്രത്തിനായുള്ള സേവനവും കളങ്കരഹിതമായ രാഷ്ട്രീയ ജീവിതവും അങ്ങേയറ്റത്തെ വിനയവും അദ്ദേഹത്തെ എന്നും ഓർമ്മിക്കപ്പെടും- രാഷ്ട്രപതി എക്‌സിൽ കുറിച്ചു.
Post a Comment