(www.kl14onlinenews.com)
(11-Dec-2024)
കോഴിക്കോട്: റീൽസ് ചിത്രീകരിക്കുന്നതിനിടെ വാഹനം ഇടിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്.
കോഴിക്കോട് ബീച്ച് റോഡിൽ യുവാവ് മരിച്ച സംഭവത്തിൽ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും, സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാൻ അപകടകരമായ രീതിയിൽ ദൃശ്യങ്ങൾ പകർത്തുന്ന പ്രവണത കൂടിവരികയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി. അഭിഭാഷകൻ സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
സ്വകാര്യ സ്ഥാപനത്തിനായി പ്രെമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശിയായ യുവാവ് കാർ ഇടിച്ച് മരണപ്പെട്ടത്. വടകര കടമേരി സ്വദേശി ടി.കെ ആൽവിൻ ( 20) ആണ് മരിച്ചത്. കാറുകളുടെ ചേസിങ് രംഗം ചിത്രീകരിക്കുന്നതിനിടെ ആൽവിനെ കൂടെയുണ്ടായിരുന്ന കാർ തട്ടുകയായിരുന്നു. അപകടത്തിനു പിന്നാലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെ എഴരയോടെയാണ് അപകടം ഉണ്ടായത്. 11.30 ഓടെ മരണം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
Post a Comment