(www.kl14onlinenews.com)
(07-Dec-2024)
മാവേലിക്കര: മാന്നാര്‍ ജയന്തി വധക്കേസില്‍ പ്രതിയായ ഭര്‍ത്താവിന് വധശിക്ഷ. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിക്കൃഷ്ണനെയാണ് വധശിക്ഷക്കു വിധിച്ചത്. മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. 2004 ഏപ്രില്‍ രണ്ടിന് പകല്‍ മൂന്നോടെയാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെ സംശയമായിരുന്ന കുട്ടിക്കൃഷ്ണന്‍ ജയന്തിയെ വീട്ടിനുള്ളില്‍ വച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് തല അറുത്ത് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.
കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്ത കണ്ടെത്തിയിരുന്നു. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം കുട്ടികൃഷ്ണന്‍ മാന്നാര്‍ പോലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ച വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൃഷ്ണനാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.
ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ 2023ലാണ് വീണ്ടും പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പി.വി.സന്തോഷ്‌കുമാര്‍ ഹാജരായി. താന്‍ നിരപരാധിയാണെന്നും പ്രായമായ തനിക്ക് മറ്റാരുമില്ലെന്നും ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും പ്രതി കുട്ടിക്കൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും റിമാന്‍ഡില്‍ കഴിഞ്ഞ കാലയളവ് ശിക്ഷാകാലമായി കണക്കാക്കണമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.
എന്നാൽ ഒന്നര വയസ്സുള്ള മകളുടെ കണ്‍മുന്നില്‍വെച്ച് ഭാര്യയെ തലയറത്തുകൊന്ന പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും ജാമ്യം നേടിയശേഷം 20 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
Post a Comment