റിവേഴ്‌സ് ഗിയറിൽ സ്വർണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

(www.kl14onlinenews.com)
(14-November -2024)

റിവേഴ്‌സ് ഗിയറിൽ സ്വർണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന് 880 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 1080 രൂപയാണ് കുറഞ്ഞത്.

നവംബറിന്റെ തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണവില. ഒരുഘട്ടത്തിൽ സ്വർണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാൽ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വർണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്.

രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് (31.1ഗ്രാം) 2615 ഡോളറിലേക്ക് ഇടിഞ്ഞു. വ്യാപാരം തുടങ്ങിയപ്പോൾതന്നെ 70 ഡോളറാണു കുറഞ്ഞത്. ആനുപാതിക വിലക്കുറവ് ആഭ്യന്തര വിപണിയിലുമുണ്ടായേക്കും. നേരത്തെ അമേരിക്കൻ തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും പശ്ചിമേഷ്യയിലെ സംഘർഷവുമാണ് സ്വർണവില കുത്തനെയുയരാൻ കാരണമായത്.

Post a Comment

Previous Post Next Post