(www.kl14onlinenews.com)
(14-November -2024)
കൊച്ചി: ഉപതിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം മുന്നണികളുടെ ആശങ്ക വർധിപ്പിക്കുന്നു. ലോകസ്ഭാ മണ്ഡലം രൂപവത്കരിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ബുധനാഴ്ച വയനാട്ടിൽ രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗീക കണക്കുകൾ പ്രകാരം 60.79 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ 72.92 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 2019-ൽ നടന്ന തിരഞ്ഞെടുപ്പിൽ 80.33 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
പോളിങ് കുറവ് മൂന്ന് മുന്നണികളെയും ആശങ്കയിലാക്കുന്നുണ്ടെങ്കിലും യുഡിഎഫ് ക്യാമ്പിലാണ് പ്രധാന വെല്ലുവിളി സൃഷ്ടിക്കുന്നത്. അഞ്ച് ലക്ഷത്തിന് മുകളിൽ വോട്ടാണ് പ്രിയങ്ക ഗാന്ധിയ്ക്ക് വയനാട്ടിൽ യുഡിഎഫ് നേതാക്കൾ ഉറപ്പുനൽകിയത്. എന്നാൽ വോട്ടിങ് ശതമാനത്തിലെ കുറവ് ഭൂരിപക്ഷത്തിൽ പ്രതിഫലിക്കുമോയെന്ന് ആശങ്ക യുഡിഎഫിനുണ്ട്. ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും വോട്ട് ബാങ്കിലാണ് വിള്ളലുണ്ടായതെന്നാണ് യുഡിഎഫ് നേതാക്കളുടെ നിഗമനം.
അതേസമയം, യുഡിഎഫ് വോട്ടുകളിൽ വിള്ളലുണ്ടായെന്നാണ് എൽഡിഎഫ്, ബിജെപി ക്യാമ്പുകളുടെ നിഗമനം. തങ്ങളുടെ പ്രചാരണം വോട്ടുകളിൽ പ്രതിഫലിച്ചുവെന്നാണ് ഇടതുപക്ഷത്തിന്റെ നിഗമനം. മുനമ്പം ഉൾപ്പടെയുള്ളവ തങ്ങൾക്ക് അനുകൂലമായെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. എന്നാൽ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാകില്ലെന്നും മിന്നും വിജയം പ്രിയങ്കയ്ക്ക് ലഭിക്കുമെന്നുമാണ് കോൺഗ്രസ് പാളയത്തിലെ കണക്കുകൂട്ടൽ.
ചേലക്കരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം 69.39 ശതമാനം ആണ് പോളിങ്. ചേലക്കര മണ്ഡലത്തിൽ വോട്ടിംഗ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായതിനേക്കാൾ കുറവാണ് പോളിങ്ങ് ശതമാനം.
ഭരണവിരുദ്ധ വികാരം തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എന്നാൽ ചേലക്കരയുടെ കാലാവസ്ഥ തങ്ങൾക്ക് ഗുണകരമാണെന്നാണ് ഇടതുക്യാമ്പിന്റെ കണക്കുകൂട്ടൽ. ചേലക്കരയിൽ ജനവിധി ബിജെപിയ്‌ക്കൊപ്പമാണെന്നാണ് എൻഡിഎ ക്യാമ്പിന്റെ കണക്കുകൂട്ടൽ.
Post a Comment