പഴകിയ കിറ്റ് വിതരണം; പരസ്പരം ആരോപണങ്ങളുമായി ഭരണ-പ്രതിപക്ഷം

(www.kl14onlinenews.com)
(09-November -2024)

പഴകിയ കിറ്റ് വിതരണം; പരസ്പരം ആരോപണങ്ങളുമായി ഭരണ-പ്രതിപക്ഷം
കൽപ്പറ്റ: വയനാട് ദുരന്തബാധിതർക്ക് പഴകിയ കിറ്റ് നൽകിയ സംഭവത്തിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് ഭരണ-പ്രതിപക്ഷം രംഗത്ത്. സംഭവത്തിൽ കോൺഗ്രസ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സംഭവം ആശ്ചര്യകരമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

"സഹായം നൽകുന്നതിനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കി. വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിയ സഹായങ്ങൾ വിലകുറച്ചു കാണേണ്ടതില്ല. ഇപ്പോൾ ഉണ്ടായ സംഭവം ആശ്ചര്യകരമായതാണ്. ഒരു പഴയതും കൊടുക്കാൻ പാടില്ലെന്ന പറഞ്ഞ ഗവൺമെന്റിന്റെ ഭാഗമായി നിൽക്കേണ്ട പ്രാദേശിക സർക്കാർ ആണ് പഴയ വസ്ത്രങ്ങൾ വിതരണം ചെയ്തു എന്ന് കരുതുന്നുന്നത്"- ചേലക്കരയിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

റവന്യു മന്ത്രി കെ രാജനും മേപ്പാടി ഗ്രാമപഞ്ചായത്തിനെ വിമർശിച്ച് രംഗത്തെത്തി. മറ്റ് പഞ്ചായത്തുകളിലൊന്നും ഇല്ലാത്ത പ്രശ്‌നം മേപ്പാടിയിൽ മാത്രം എങ്ങനെയുണ്ടായെന്ന് മന്ത്രി ചോദിച്ചു. വരും ദിവസങ്ങളിൽ മേപ്പാടി പഞ്ചായത്തിനും കോൺഗ്രസിനുമെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സിപിഎം.

അതേസമയം, പഴകിയ കിറ്റ് വിതരണത്തിലെ കുറ്റക്കാർ റവന്യു വകുപ്പും സർക്കാരുമാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

മേപ്പാടി പഞ്ചായത്ത് കിറ്റ് വിതരണം ചെയ്‌തെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പഞ്ചായത്ത് ഒരുകിറ്റും വിതരണം ചെയ്തിട്ടില്ല. റവന്യുവകുപ്പ് വിതരണം ചെയ്ത ഭക്ഷ്യകിറ്റിലാണ് പ്രശ്‌നമുണ്ടായത്"- വിഡി സതീശൻ പറഞ്ഞു. സംഭവത്തിൽ സർക്കാരാണ് കുറ്റക്കാരെന്ന് വയനാട് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസും പറഞ്ഞു

Post a Comment

Previous Post Next Post