(www.kl14onlinenews.com)
(08-November -2024)
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് തിരിച്ചടി, തുടരന്വേഷണം
ആലപ്പുഴ: മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. സംഭവത്തിന് തെളിവുണ്ടെന്നും, അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി. കേസ് തള്ളണമെന്ന പൊലീസിന്റെ റഫർ റിപ്പോർട്ട് കോടതി തള്ളി.
തുടരന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് എന്നിവർ സമർപ്പിച്ച ഹർജിയിലാണ് നടപടി. മുഖ്യമന്ത്രിയുടെ ഗണ്‍മാനായ അനില്‍കുമാർ, സുരക്ഷാ ജീവനക്കാരനായ സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ.
സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കേസ് അവസാനിപ്പിക്കണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. തെളിവുണ്ടെന്നും രേഖകൾ മുദ്രവെച്ച പെൻഡ്രൈവിൽ അന്വേഷണ സംഘത്തിന് കൈമാറിയതാണെന്നും വാദിഭാഗം കോടതിയെ അറിയിച്ചു.
2023 ഡിസംബർ 15നാണ് കേസിനാധാരമായ സംഭവം. ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു സമീപം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ജീവനക്കാരനും ചേർന്നു മർദിച്ചെന്നാണു കേസ്.
Post a Comment