രാസലഹരി പിടികൂടി; 'തൊപ്പി'യും മൂന്ന് യുവതികളും ഒളിവില്‍

(www.kl14onlinenews.com)
(29-November -2024)

രാസലഹരി പിടികൂടി; 'തൊപ്പി'യും മൂന്ന് യുവതികളും ഒളിവില്‍
കൊച്ചിയിലെ താമസ സ്ഥലത്തുനിന്ന് രാസലഹരി(MDMA) പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പിയെന്ന്(Youtuber Thoppi) അറിയപ്പെടുന്ന നിഹാദ്(Nihad) ഒളിവില്‍. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസ സ്ഥലത്തു നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടിയത്.

ഇതിനിടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.

എംഡിഎംഎ കണ്ടെടുത്തതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഇതിന് തൊട്ടുപിന്നാലെയാണ് നിഹാദും സുഹൃത്തുക്കളും ഒളിവില്‍ പോയത്.

അടുത്തിടെ എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് യൂട്യൂബിലൂടെ നിഹാദ് രംഗത്തെത്തിയിരുന്നു. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും ഇനിയിത് തുടരാനാകില്ലെന്നുമായിരുന്നു നിഹാദ് പറഞ്ഞത്. വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നും ഇയാൾ പറഞ്ഞിരുന്നു.

'തൊപ്പി' എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴിയെന്നും നിഹാദ് പറഞ്ഞിരുന്നു.

ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടിയ ആളാണ് കണ്ണൂര്‍ സ്വദേശിയായ 'തൊപ്പി'. കണ്ണൂര്‍ ശൈലിയിലുള്ള സംസാരത്തിലൂടെ ഫാന്‍സിനെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്റെയും മറ്റും പേരില്‍ വിമര്‍ശനവും നേരിടുന്നുണ്ട്. ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നേരത്തെത്തന്നെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇത്തരമൊരാളെ ചെറിയ കുട്ടികള്‍ പിന്തുടരുന്നതും ചര്‍ച്ചയായിരുന്നു

യൂട്യൂബിൽ ആറ് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് തൊപ്പിക്കുണ്ട്. എന്നാൽ മോശം വാക് പ്രയോഗങ്ങളാണ് ഇയാളുടെ വീഡിയോകളുടെ പ്രത്യേകത. ടോക്സിക് മനോഭാവവും വീഡിയോകളിൽ നിഴലിച്ചു നിൽക്കുന്നുണ്ട്.

തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികൾ വഴിതെറ്റുന്നു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്നതും ഈ വീഡിയോകളുടെ പ്രത്യേകതയാണ്. തൊപ്പിയുടെ വീഡിയോകളിൽ സ്ത്രീകളെ ലൈംഗിക വസ്തു മാത്രമായി ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്.

Post a Comment

Previous Post Next Post