(www.kl14onlinenews.com)
(17-November -2024)
മലപ്പുറം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് കോൺഗ്രസിൽ ചേർന്നതിനു പിന്നാലെ സന്ദീപ് വാര്യര്‍ പാണക്കാടെത്തി. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കളുമായി സന്ദീപ് വാര്യർ കൂടിക്കാഴ്ച നടത്തി. ഹാർദവ സ്വീകരണമാണ് ലീഗ് നേതാക്കൾ സന്ദീപിന് നൽകിയത്.
എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജ് എന്നിവരും സന്ദീപിനെ സ്വീകരിക്കാൻ പാണക്കാടെത്തിയിരുന്നു.
മലപ്പുറത്തിന്റെ മതനിരപേക്ഷതയുടെയും മാനവസൗഹാർദത്തിന്റെയും അടിത്തറ പാകിയത് പാണക്കാട്ട് കുടുംബമാണെന്ന് വിശ്വസിക്കുന്നതായി സന്ദർശനത്തിനു ശേഷം സന്ദീപ് വാര്യർ പറഞ്ഞു. ബിജെപി പ്രവർത്തകനായിരുന്ന കാലത്ത് താൻ നടത്തിയ പ്രസ്ഥാവനകളിൽ ബുദ്ധിമുട്ടുണ്ടായവർക്ക് ഈ സന്ദർശനം തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി സന്ദീപ് വാര്യർ പറഞ്ഞു.
ബിജെപിയെ നന്നാക്കാൻ ചൂരലെടുത്ത് പുറകെ നടക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും സന്ദീപ് കൂട്ടിച്ചേർത്തു. താൻ തല്ലിയാലും അവരു നന്നാകാൻ പോകുന്നില്ല. ഇന്നു മുതൽ കോൺഗ്രസിന്റെ രാഷ്ട്രിയം ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പാർട്ടിയെ പിളർത്തി കൊണ്ടുവരാനല്ല താൻ കോൺഗ്രസിൽ വന്നത്. ഇപ്പോൾ ട്രെയ്‌ലറാണ് കണ്ടത് സിനിമ ബാക്കിയുണ്ടെന്നും, സന്ദീപ് വാര്യർ വ്യക്തമാക്കി.
കെപിസിസിയുടെ നിർദേശ പ്രകാരമാണ് പാണക്കാട് സന്ദർശനം നടത്തുന്നതെന്ന് സന്ദീപ് വാര്യർ നേരത്തെ വ്യക്തമാക്കിയിരുന്നു. മുസ്ലീം ലീഗിനോട് അടക്കം സ്വീകരിച്ച മുൻ നിലപാടുകൾ ബിജെപിയുടെ ഭാഗമായി ഉണ്ടായിരുന്ന കാലത്ത് കൈക്കൊണ്ടതാണന്നും സന്ദീപ് പറഞ്ഞിരുന്നു.
Post a Comment