(www.kl14onlinenews.com)
(17-November -2024)
ഹർത്താലിൽ സംഘർഷം; കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം; ബസ് തടഞ്ഞ് യാത്രക്കാരെ വഴിയിൽ ഇറക്കി
കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ വ്യാപക സംഘർഷം. ഹർത്താൽ അനുകൂലികൾ ബസുകൾ തടയുകയും കടകൾ ബലമായി അടപ്പിക്കുകയും ചെയ്തു. സ്വകാര്യ ബസ് ജീവനക്കാരും സമരാനുകൂലികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
യാത്രക്കാരുമായി വന്ന ബസ് പ്രവർത്തകർ റോഡിൽ തടയുകയും യാത്രക്കാരെ ഇറക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാവൂർ റോഡിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ പൊലീസും പ്രവർത്തകരുമായി ഏറ്റുമുട്ടി. അതേസമയം, ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
കോഴിക്കോട്ടെ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സിപിഎം അതിക്രമത്തിലും പൊലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. കള്ളവോട്ട് ആരോപിച്ചാണ് വൻ സംഘർഷം ഉണ്ടായത്. വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും കള്ളവോട്ട് ആരോപിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വിമതര്‍ മത്സരിച്ച ജനാധിപത്യ സംരക്ഷണ സമിതി മുഴുവന്‍ സീറ്റിലും വിജയിച്ച് ഭരണത്തിലെത്തി. വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിരുന്ന ബാങ്കിൽ ഡിസിസിയുമുള്ള ഭിന്നതയെ തുടർന്ന്, നിലവിലെ ഭരണ സമിതി വിമതരായി മത്സരിക്കുകയായിരുന്നു.
Post a Comment