സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും

(www.kl14onlinenews.com)
(11-November -2024)

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും

ഒളിമ്പിക്സ് മാതൃകയിൽ നടത്തി ചരിത്രം കുറിച്ച സംസ്ഥാന സ്കൂൾ കായികമേള ​ഇന്ന് സമാപിക്കും. വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇത്തവണത്തെ മേളയുടെ ആകര്‍ഷണമായ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍ റോളിംഗ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

അവസാന ദിവസമായ ഇന്ന് 18 ഫൈനലുകൾ നടക്കും. വൈകിട്ട് നാലിന് സമാപന ചടങ്ങുകൾ ആരംഭിക്കും. മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തുമ്പോൾ അത്ലറ്റിക്സിൽ മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 19 സ്വർണമടക്കം 192 പോയിന്‍റുമായി മലപ്പുറം ഒന്നാം സ്ഥാനത്ത് തുടരുന്നു. 169 പോയിന്‍റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. ട്രാക് ഇനങ്ങളിൽ സ്വർണ വേട്ടയിൽ പാലക്കാടാണ് മുന്നിൽ നിൽക്കുന്നത്. 20 സ്വർണമാണ് ഇതുവരെ പാലക്കാട് സ്വന്തമാക്കിയത്.

കായികമേളയില്‍ ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 1213 പോയിന്‍റ് നേടിയാണ് തിരുവനന്തപുരം കിരീടം ഉറപ്പിച്ചു കഴിഞ്ഞു. 44 സ്വര്‍ണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തലസ്ഥാനം ചാമ്പ്യന്മാരായത്. 73 സ്വര്‍ണവും 56 വെള്ളിയും 75 വെങ്കലവുമായി 744 പോയിന്റോടെ തൃശ്ശൂര്‍ രണ്ടാമതെത്തിയത്. മൂന്നാതെത്തിയ കണ്ണൂരിന് 67 സ്വര്‍ണവും 61 വെള്ളിയും 66 വെങ്കലവുമായി 673 പോയിന്റാണ് ലഭിച്ചത്. 568 പോയിന്റോടെ മലപ്പുറം നാലാമതും 522 പോയിന്റോടെ പാലക്കാട് അഞ്ചാമതുമെത്തി

ഗെയിംസിലെയും അക്വാട്ടിക്സിലെയും മികവിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. 1926 പോയിന്റ് നേടിയാണ് തിരുവനന്തപുരം കിരീടം ചൂടിയത്. 226 സ്വർണവും 149 വെള്ളിയും 163 വെങ്കലവുമായാണ് തലസ്ഥാനം ചാമ്പ്യന്മാരായത്. 80 സ്വർണവും 65 വെള്ളിയും 96 വെങ്കലവുമായി 845 പോയിന്റോടെ തൃശ്ശൂർ രണ്ടാമതെത്തി. മൂന്നാമതെത്തിയ മലപ്പുറത്തിന് 61 സ്വർണവും 81 വെള്ളിയും 134 വെങ്കലവുമായി 769 പോയിന്‍റാണ് ലഭിച്ചത്.

വിജയിക്കുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ എവർറോളിങ്‌ ട്രോഫി നൽകുന്നതോടൊപ്പം അണ്ടർ 14, 17, 19 കാറ്റഗറികളിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദ്യ മൂന്ന്‌ സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ജില്ലയ്ക്കും അത്‌ലറ്റിക്‌സ്‌, അക്വാട്ടിക്സ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദ്യ മൂന്ന്‌ സ്ഥാനക്കാരായ സ്കൂൾ, ജില്ല തുടങ്ങിയവയ്ക്കും ട്രോഫി നൽകും.

സമാപന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ധനമന്ത്രി കെ എൻ ബാലഗോപാൽ, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ എം വിജയൻ, നടൻ വിനായകൻ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.

അതേസമയം കായികമേളയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പഖ്യാപിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post