(www.kl14onlinenews.com)
(11-November -2024)
കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. മുന്നണികളുടെ പ്രധാന നേതാക്കളെല്ലാം ഇന്ന് ജില്ലകളിലെത്തും. വയനാട്ടിൽ കൊട്ടിക്കലാശത്തിൽ പങ്കുചേരാൻ രാഹുൽ ഗാന്ധിയും എത്തുന്നുണ്ട്. രാവിലെ ബത്തേരിയിലും വൈകിട്ട് തിരുവമ്പാടിയിലും നടക്കുന്ന കൊട്ടിക്കലാശത്തിൽ പ്രിയങ്കയ്ക്ക് ഒപ്പം രാഹുൽ ഗാന്ധി പങ്കെടുക്കും. രണ്ടിടത്തും ഇരുവരും ഒന്നിച്ചുള്ള റോഡ് ഷോയും നടക്കും.
സുല്‍ത്താൻ ബത്തേരിയിലാണ് എൻഡിഎയുടെ കൊട്ടിക്കലാശം. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും നടക്കുന്ന റോഡ് ഷോകളിൽ പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. ചേലക്കര ടൗണിൽ വൈകിട്ട് മൂന്നിനാണ് സ്ഥാനാർത്ഥികൾ പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ.സുധാകരനും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും കൊട്ടിക്കലാശത്തിൽ അണിനിരക്കും.
പാലക്കാട് ഇന്ന് ബിജെപിയുടെയും യുഡിഎഫിന്റെയും ട്രാക്ടർ മാർച്ചുകൾ നടക്കും. രാവിലെ 7.30ന് യുഡിഎഫ് നേതൃത്വത്തിൽ കണ്ണാടിയിൽ നിന്ന് ആരംഭിക്കുന്ന കർഷകരക്ഷാ ട്രാക്ടർ മാർച്ച് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ബിജെപിയുടെ നേതൃത്വത്തിൽ കർഷക വിഷയങ്ങൾ ഉന്നയിച്ചുള്ള ട്രാക്ടർ മാർച്ച് നടത്തും. കണ്ണാടി പാത്തിക്കലിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് നടൻ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും.
Post a Comment