വെടിക്കെട്ട് അപകട മരണം കൂടിയത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ

(www.kl14onlinenews.com)
(13-November -2024)

വെടിക്കെട്ട് അപകട മരണം കൂടിയത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ
കാസർകോട് ജില്ലയിലെ ആരോഗ്യ മേഖലയിൽ ദുരിതങ്ങൾ ഏറുമ്പോഴും സർക്കാരും അധികാരികളും നോക്കുകുത്തിയായി നിൽക്കുന്നത് അത്യന്തം അപലപനീയമാണെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ. ജില്ലയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത വിളിച്ചോതുന്ന അവസാനത്തെ ഉദാഹരണമാണ് നീലേശ്വരം ശ്രീ അഞ്ഞൂറ്റമ്പലം വീരർകാവ് ദേവസ്വം വെടിക്കെട്ടിൽ അഞ്ച് ജീവനുകൾ പൊലിയാൻ ഇടവന്നത്. തീ പൊള്ളലേറ്റ നൂറു കണക്കിന് പേരെയും കൊണ്ട് ആംബുലൻസുകൾ സംസ്ഥാനത്തിന് പുറത്തേക്കും മറ്റ് ജില്ലകളിലേക്കും ചീറിപ്പായേണ്ടി വന്നത് നമ്മുടെ ജില്ലയിൽ ചികിത്സിക്കാൻ സൗകര്യമില്ലാത്തതു കൊണ്ടാണ് എന്ന ഭീകരമായ അവസ്ഥ ഈ അവസരത്തിലെങ്കിലും സർക്കാരും ജില്ലയിലെ ജനങ്ങളും തിരിച്ചറിയണമെന്നും എത്രയും പെട്ടെന്ന് തന്നെ ചികിത്സ നൽകാൻ പറ്റിയിരുന്നെങ്കിൽ ഈ അഞ്ച് ജീവനും രക്ഷിക്കാൻ സാധിക്കുമായിരുന്നെന്നും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ എക്സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി. ഈ അപകടത്തിൻ്റെ വെളിച്ചത്തിലെങ്കിലും പ്രാഥമീക ചികിത്സ പോലും നൽകാൻ അപര്യാപ്തമായിരുന്ന സർക്കാർ സംവിധാനത്തിന് മാറ്റം വരുത്താൻ ജില്ലയിലെ മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം പൂർണ്ണ തോതിൽ ആക്കാനുള്ള നടപടിയും എയിംസ് പ്രൊപ്പോസലിൽ ജില്ലയുടെ പേര് കൂടീ ഉൾപ്പെടുത്തുന്നതിനും സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിയോഗത്തിൽ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.
കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് സ്വാഗതവും ട്രഷറർ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു. കോർഡിനേറ്റർ ശ്രീനാഥ് ശശി, വൈസ് പ്രസിഡൻ്റുമാരായ അഹമ്മദ് കിർമാണി, നാസർ ചെർക്കളം, സൂര്യ നാരായണ ഭട്ട്, ഹക്കീം ബേക്കൽ, സുമിത നിലേശ്വരം, സെക്രട്ടറിമാരായ അഡ്വ.അൻവർ.ടി.ഇ, ഉമ്മു ഹാനി, അഡ്വ.നിസാം ഫലാഹ് എന്നിവർ സംസാരിച്ചു. അംഗങ്ങളായ അനന്തൻ.കെ.,മുഹമ്മദ് ഇച്ചിങ്കാൽ,പ്രേമചന്ദ്രൻ ചോമ്പാല,മഹമൂദ് കൈക്കംബ, നാസർ കൊട്ടിലങ്ങാട്, സാലിം ബേക്കൽ, സി എച്ച്.മുഹമ്മദ് കുഞ്ഞി, അശോക്‌കുമാർ. ബി, സരോജിനി. പി.വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post