(www.kl14onlinenews.com)
(13-November -2024)
വീട് പൊളിച്ച് ശിക്ഷ നടപ്പാക്കാനാകില്ല; ഭരണകൂടം ജഡ്ജിയാകേണ്ട,
ന്യൂഡൽഹി: ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്ന കർശന നിർദേശവുമായി സുപ്രീംകോടതി. ബുൾഡോസർ രാജ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജികളിൽ വിധി പറയുകയായിരുന്നു കോടതി. ജുഡീഷ്യറിയുടെ ചുമതല സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗം തടയണം. രാജ്യത്ത് നിയമവാഴ്ചയും മൗലികാവകാശങ്ങളും പാലിക്കപ്പെടണം. ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ് വാസസ്ഥലം. ഏതെങ്കിലും കേസിൽ പ്രതിയായത്‌കൊണ്ട് മാത്രം ആരും കുറ്റക്കാരാകുന്നില്ല. ആരാണ് തെറ്റുകാരൻ എന്ന് സർക്കാരല്ല തീരുമാനിക്കേണ്ടത്. കുറ്റക്കാരൻ ആണെങ്കിൽ പോലും സ്വത്തിൽ അവകാശം ഇല്ലാതാകുന്നില്ല. വാസസ്ഥലത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്.- കോടതി പറഞ്ഞു.
ആരോപണങ്ങൾ നിലനിൽക്കുന്നു എന്ന പേരിൽ ഒരു പൗരന്റെ വീട് ഏകപക്ഷീയമായി പൊളിക്കുന്നത് ഭരണഘടനനിയമത്തെയും അധികാര വിഭജന തത്വത്തെയും ലംഘിക്കുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയ കോടതി, വിധി നിർണയ പ്രവർത്തനങ്ങൾ ജുഡീഷ്യറിയെ ഏൽപിച്ചിരിക്കുകയാണെന്നും, ഉദ്യോഗസ്ഥർക്ക് കോടതിയുടെ ബദലാവാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്തിനും അതിന്റെ ഉദ്യോഗസ്ഥർക്കും ഏകപക്ഷീയവും അമിതവുമായ നടപടികൾ സ്വീകരിക്കാൻ കഴിയില്ല. എക്സിക്യൂട്ടീവിന് ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കാനാകില്ല. അധികാര പരിധിക്കപ്പുറം പ്രവർത്തിക്കുമ്പോൾ ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കണമെന്ന് കോടതി എടുത്തുപറഞ്ഞു.
ഒക്ടോബർ ഒന്നിന് കേസ് പരിഗണിച്ച വിധി പറയാനായി മാറ്റുകയായിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബുൾഡോസർ പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ അധികാരികളെ ചുമതലപ്പെടുത്തി കോടതി ഇടക്കാല ഉത്തരവും പുറത്തിറക്കിയിരുന്നു. റോഡുകളിലും നടപ്പാതകളിലും മതപരമായ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അനധികൃത നിർമാണങ്ങൾ ഒഴിവാക്കിയായിരുന്നു ഉത്തരവ്
Post a Comment