സർവ്വത്ര അക്ഷരത്തെറ്റ്; മുഖ്യമന്ത്രി നൽകിയ പോലീസ് മെഡലുകൾ തിരികെ വാങ്ങി

(www.kl14onlinenews.com)
(02-Nov-2024)

സർവ്വത്ര അക്ഷരത്തെറ്റ്; മുഖ്യമന്ത്രി നൽകിയ പോലീസ് മെഡലുകൾ തിരികെ വാങ്ങി

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലുകളിൽ അക്ഷരത്തെറ്റുകൾ കടന്നുകൂടിയതിനെ തുടർന്ന് അവ തിരിച്ചുവാങ്ങാൻ ഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബ് ഉത്തരവിട്ടു. തെറ്റുകൾ പരിഹരിച്ച് പുതിയവ നൽകാനാണ് മെഡലുകളുടെ ടെൻഡർ എടുത്ത സ്ഥാപനത്തിന് നൽകിയ നിർദേശം.

വെള്ളിയാഴ്ച മുഖ്യമന്ത്രി വിതരണം ചെയ്ത മെഡലുകളിലാണ് അക്ഷരപ്പിശക് കടന്നുകൂടിയത്. പകുതിയോളം പേർക്കും ലഭിച്ചത് വ്യാപകമായി അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു. 'മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ' എന്നതിന് 'മുഖ്യമന്ത്രയുടെ പോലസ്' എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് മെഡൽ വിതരണം നടന്നത്. 264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.

സംഭവത്തിൽ പോലീസ് ആസ്ഥാനത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആരോപണമുണ്ട്. മെഡലുകൾ പരിശോധിക്കാതെയാണ് വിതരണം ചെയ്തതെന്നും ആക്ഷേപം ഉയരുന്നുണ്ട്. തിരുവനന്തപുരത്തുള്ള സ്ഥാപനമാണ് മെഡലുകൾ അച്ചടിക്കുന്നതിനുള്ള ടെൻഡർ ഏറ്റെടുത്തത്.

ചില മെഡലുകൾ ഉത്തരേന്ത്യയിലാണ് അച്ചടിച്ചതെന്നും അവിടെ നിന്ന് ഉണ്ടായ വീഴ്ചയാണിതെന്നുമാണ് ടെൻഡർ എടുത്ത സ്ഥാപനം നൽകുന്ന വിശദീകരണം. അടിയന്തരമായി തെറ്റുകൾ പരിഹരിക്കുമെന്നും അവർ പറഞ്ഞു.

സംസ്ഥാന പൊലീസിനെ മികച്ച പ്രകടനത്തിന് മുഖ്യമന്ത്രി നല്‍കുന്ന ബഹുമതിയാണിത്. നവംബര്‍ 1 ന് മുഖ്യമന്ത്രി 264 ഉദ്യോഗസ്ഥര്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15നാണ് മുഖ്യമന്ത്രി മെഡലുകള്‍ പ്രഖ്യാപിക്കുന്നത്. നവംബര്‍ 1 ന് മെഡലുകള്‍ വിതരണം ചെയ്യുമെന്ന് പൊലീസ് ആസ്ഥാനത്ത് അറിയാമായിരുന്നു. ഇവ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സ്വാഭാവികമായും ഉദ്യോഗസ്ഥര്‍ക്കുണ്ട്

എന്നാല്‍ ഒക്ടോബര്‍ അവസാനമാണ് ക്വട്ടേഷന്‍ നല്‍കിയിട്ടുള്ളത്. ഈ മെഡലുകളൊന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചില്ല എന്ന് വേണം കരുതാന്‍. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് തന്നെ വിഷയം ഗൗരവത്തിലെടുത്തിരിക്കുകയാണ്.

അതേസമയം തൃശൂർ പൂരം കലക്കലിൽ ഉൾപ്പടെ അന്വേഷണം നേരിടുന്നതിനാൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ADGP എം.ആർ അജിത് കുമാറിന് മെഡൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നൽകുന്നത് തൽക്കാലത്തേക്ക് തടഞ്ഞുവച്ചിരിക്കുകയാണ്.

അതിനിടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാരെ പിരിച്ചുവിടുന്ന നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുടെ യജമാനൻമാരായി പെരുമാറുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post