എഡിഎമ്മിന്റെ മരണം: പി.പി ദിവ്യയ്ക്കെതിരേ പാർട്ടി നടപടി; പദവികളിൽനിന്ന് നീക്കും

(www.kl14onlinenews.com)
(07-November -2024)

എഡിഎമ്മിന്റെ മരണം: പി.പി ദിവ്യയ്ക്കെതിരേ പാർട്ടി നടപടി; പദവികളിൽനിന്ന് നീക്കും 
കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്, മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെ പാർട്ടി നടപടി. എല്ലാ പാർട്ടി പദവികളിൽ നിന്നും പി.പി ദിവ്യയെ നീക്കാനാണ് തീരുമാനം. വ്യാഴാഴ്ച നടന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും ദിവ്യയെ സ്ഥാനങ്ങളിൽ നിന്ന് നീക്കുക. അംഗീകരം ലഭിച്ചാൽ പാർട്ടിയുടെ ബ്രാഞ്ച് അംഗം മാത്രമായി ദിവ്യ മാറും. ദിവ്യയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയാണ് നടപടി.

അതേസമയം, നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ദിവ്യയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. നിലവില്‍ പി.പി ദിവ്യ ജയിലില്‍ കഴിയുകയാണ്. തലശ്ശേരി ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പി.പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദിനു മുൻപാകെയാണ് വാദം നടന്നത്. എഡിഎം കൈക്കൂലി വാങ്ങിയെന്ന് കുറ്റസമ്മതം നടത്തിയെന്നാണ് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചത്. കൈക്കൂലി നൽകിയതിനാണ് പ്രശാന്തനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതെന്നും, സ്വർണയം പണയം വച്ചാണ് ഒരു ലക്ഷം രൂപ നൽകിയതെന്നും ദിവ്യയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഒരുലക്ഷം രൂപ വാങ്ങിയതിനുള്ള തെളിവും കോടതിയിൽ ഹാജരാക്കിയിരുന്നു.

നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നവീനെതിരെ ഇതുവരെ അഴിമതി ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, ഇപ്പോള്‍ ഉള്ളത് പ്രശാന്തിന്റെ ആരോപണങ്ങള്‍ മാത്രമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കണ്ണൂരിലെ താമസസ്ഥലത്താണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ എഡിഎമ്മിന് നൽകിയ യാത്രയയപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

Post a Comment

Previous Post Next Post