(www.kl14onlinenews.com)
(08-November -2024)
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. തിരുവനന്തപുരത്ത് വീടിന്റെ ഒരുവശം ഇടിഞ്ഞ് വീണു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഇടിഞ്ഞു വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പത്തനംതിട്ട തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പള്ളിയുടെ മതില്‍ക്കെട്ട് ഇടിഞ്ഞു. കോഴിക്കോട് കായണ്ണയില്‍ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്. കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് 6 സ്ത്രീകള്‍ക്ക് പരുക്കേറ്റത്.
ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴയില്‍ തിരുവല്ല തീപ്പനിയില്‍ വെള്ളക്കെട്ടില്‍ വീട്ടില്‍ ഒറ്റപ്പെട്ട വീട്ടമ്മയെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. വെള്ളത്തില്‍ അകപ്പെട്ടു പോയ പൊന്നമ്മ ഡാനിയേലിനെയാണ് രക്ഷിച്ചത്. ഉച്ച മുതല്‍ ജില്ലയില്‍ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്.
പത്തനംതിട്ട തിരുവല്ല പുഷ്പഗിരി ലെവൽ ക്രോസിന് സമീപം ഏഴു വീടുകളിൽ വെള്ളം കയറി. വെള്ളമൊഴുകി പോകേണ്ട കലുങ്ക് മാലിന്യമൂലം അടഞ്ഞതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്നാണ് പരാതി.മഴയെ തുടർന്ന് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന്‍റെ മതിൽ ഇടിഞ്ഞു വീണു. സമീപത്തെ കെഎസ്ആർടിസി ജീവനക്കാരന്റെ വീട്ടുമുറ്റത്തേക്കാണ് വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല
Post a Comment