(www.kl14onlinenews.com)
(12-November -2024)
വ്യാജ നിക്ഷേപ പദ്ധതിയില്‍ അംഗങ്ങളാക്കി ഇരുന്നൂറോളം പേരില്‍ നിന്നും 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ 19കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ കാഷിഫ് മിര്‍സയെന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പിടിയിലായത്. പ്രതിയില്‍ നിന്നും നോട്ടെണ്ണുന്ന യന്ത്രം, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
99,999 രൂപ വീതം 13 ആഴ്ച നിക്ഷേപിച്ചാല്‍ 1,39,999 രൂപ തിരികെ ലഭിക്കുമെന്നായിരുന്നു മിര്‍സയുടെ വാഗ്ദാനം. ആദ്യമാദ്യം പണം നിക്ഷേപിച്ചവരില്‍ ചിലര്‍ക്ക് മിര്‍സ ലാഭ വിഹിതം നല്‍കി. ഇവരോട് കൂടുതല്‍പേരെ മണി ചെയിന്‍ മാതൃകയില്‍ നിക്ഷേപ പദ്ധതിയിലേക്ക് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ചേര്‍ന്നവര്‍ക്ക് പണം കിട്ടാതായതോടെയാണ് പൊലീസില്‍ പരാതിയുമായെത്തിയത്.
സമൂഹമാധ്യമങ്ങളിലെ സൂപ്പര്‍ താരമാണ് മിര്‍സയെന്നും നിരവധി ഫോളെവേഴ്സാണ് യുവാവിനുള്ളതെന്നും പൊലീസ് പറയുന്നു. സോഷ്യല്‍ മീഡിയ വഴി ലഭിച്ച ഫോളേവേഴ്സിനെയാണ് കൂടുതലായും മിര്‍സ വഞ്ചിച്ചത്. ഞെട്ടിപ്പിക്കുന്ന ലാഭ വിഹിതം ഇവര്‍ക്ക് ആളുകളെ പദ്ധതിയിലേക്ക് ചേര്‍ത്താല്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. നിലവില്‍ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് മിര്‍സ.
മിര്‍സയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ആളുകളില്‍ നിന്നും തട്ടിയെടുത്ത പണം മിര്‍സ എന്ത് ചെയ്തെന്നതിലും അന്വേഷണം നടക്കുകയാണ്. ബാങ്കുകളില്‍ നിന്ന് വിവരം തേടിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Post a Comment