(www.kl14onlinenews.com)
(16-October -2024)
ബാംഗ്ലൂർ :
97 കോടി രൂപയുടെ ഓഹരി വിപണി തട്ടിപ്പുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്ക് മാനേജര്‍, മൂന്ന് സെയില്‍സ് എക്‌സിക്യുട്ടിവുമാർ എന്നിവര്‍ ഉള്‍പ്പെടെ എട്ട് പേരെ ബംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. ഓഹരി നിക്ഷേപത്തിലൂടെ വലിയ തുക തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ പണം സമാഹരിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട 254 കേസുകള്‍ രാജ്യത്തെ വിവിധ ഇടങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സൈബര്‍ ക്രൈം പോലീസ് കണ്ടെത്തിയതായി ബംഗളൂരു പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ബാങ്ക് ജീവനക്കാര്‍ തുറന്ന ആറ് ബാങ്ക് അക്കൗണ്ടുകളിലൂടെ 97 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.
വെസ്റ്റ് ബംഗളൂരുവിലെ ആക്‌സിസ് ബാങ്കിന്റെ നഗരഭാവി ബ്രാഞ്ചിലെ മാനേജരായ കിഷോര്‍ സാഹു, സെയില്‍സ് എക്‌സിക്യുട്ടിവുമാരായ മനോഹര്‍, കാര്‍ത്തിക്, രാകേഷ് എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ ലക്ഷ്മികാന്ത, രഘുരാജ്, കെങ്കെഗൗഡ, മാള സിപി എന്നിവരെയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥരുമായി ആക്‌സിസ് ബാങ്ക് പൂര്‍ണമായും സഹകരിച്ച് വരികയാണ്,’’ ആക്‌സിസ് ബാങ്ക് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
വടക്കന്‍ ബംഗളൂരുവിലെ യെലഹങ്ക സ്വദേശി മാര്‍ച്ചില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഒരു ട്രേഡിംഗ് അക്കൗണ്ടിലെ നിക്ഷേപത്തിന്റെ പത്ത് മടങ്ങ് തുക വാഗ്ദാനം ചെയ്ത് സ്റ്റോക്ക് ട്രേഡിംഗ് ടിപ്‌സ് നല്‍കുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ തന്നെ ചേര്‍ത്തതായി യെലഹങ്ക സ്വദേശിയുടെ പരാതിയില്‍ പറയുന്നു.
തുടക്കത്തില്‍ 50,000 രൂപയാണ് ഇദ്ദേഹം നിക്ഷേപം നടത്തിയത്. ഇതിന് വലിയ തുക തിരികെ ലഭിച്ചതായി കാണിച്ച് വാട്ട്‌സ്ആപ്പില്‍ സന്ദേശം ലഭിച്ചു. ജൂണ് വരെ 1.5 കോടി രൂപ നിക്ഷേപം നടത്തിയതായും പരാതിയില്‍ പറയുന്നു.
ട്രേഡിംഗ് അക്കൗണ്ട് നിക്ഷേപം 28 കോടി രൂപയായി ഉയര്‍ന്നുവെന്ന് കാണിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ തട്ടിപ്പുകാര്‍ അയച്ചു നല്‍കി. പണം പിന്‍വലിക്കാന്‍ 75 ലക്ഷം രൂപ സെര്‍വര്‍ മാനേജ്‌മെന്റ് ഫീസ് ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരന് സംശയം തോന്നിയത്. തുടര്‍ന്ന് സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് അന്വേഷണത്തില്‍ പ്രതികളുമായി ബന്ധമുള്ള ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തി. നഗരഭാവിയിലെ ആക്‌സിസ് ബാങ്ക് ശാഖയിലാണ് രണ്ട് കറണ്ട് അക്കൗണ്ടുകള്‍ കണ്ടെത്തിയത്. ചിക്കമംഗളൂരുവില്‍ നിന്നുള്ള അക്കൗണ്ട് ഉടമകള്‍ അവരുടെ താമസസ്ഥലമോ ബിസിനസ് പ്രവര്‍ത്തനങ്ങളോ വ്യക്തമാക്കുന്ന രേഖകള്‍ ബാങ്കിൽ നല്‍കിയിരുന്നില്ല.
സമാനമായ രീതിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നാല് അക്കൗണ്ടുകള്‍ കൂടി തുറന്നു. ഈ ആറ് അക്കൗണ്ടുകള്‍ വഴിയായി ആകെ 97 കോടി രൂപയുടെ ഇടപാട് നടന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ആക്‌സിസ് ബാങ്ക് മാനേജരിലേക്കും മൂന്ന് സെയില്‍സ് എക്‌സിക്യുട്ടിവുമാരിലേക്കും പോലീസ് അന്വേഷണം ചെന്നെത്തി. സെപ്റ്റംബര്‍ 29ന് ഇവരെ അറസ്റ്റു ചെയ്തു. ബാങ്ക് മാനേജരും സെയില്‍ എക്‌സിക്യുട്ടീവുമാരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ് ഉള്ളത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 254 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റ് ഒമ്പത് പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. ചിലര്‍ വിദേശത്തേക്ക് കടന്നുകളഞ്ഞതായും സംശയിക്കുന്നു.
ഇത്തരത്തില്‍ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുസംഘങ്ങളെക്കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് പോലെയുള്ള സന്ദേശമയക്കുന്ന ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണലുകളില്‍ നിന്ന് മാത്രം മാര്‍ക്കറ്റ് ഉപദേശം തേടാനും അവര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്
Post a Comment