(www.kl14onlinenews.com)
(16-October -2024)
ജമ്മു-കശ്മീർ: ഒമർ അബ്ദുള്ള ജമ്മു-
കശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നാഷനൽ കോൺഫറൻസ് നേതാവ് സുരീന്ദർ ചൗധരി സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പ്രമുഖ ഇൻഡ്യ സഖ്യ നേതാക്കൾ പങ്കെടുത്തു.
അധികാരത്തിലേറിയ സർക്കാരിന് ബാഹ്യ പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷനൽ കോൺഫറൻസ് സെന്ററിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ചടങ്ങിൽ പങ്കെടുക്കാൻ വിവിധ ദേശീയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ എത്തിയിരുന്നു. പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരും മറ്റു ദേശീയ നേതാക്കളും പങ്കെടുത്തു.
മുന്നേറി ഇന്ത്യ, തകർന്ന് ബിജെപി
നിലവിൽ ജമ്മു-കശ്മീർ നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റാണ് ഒമർ അബ്ദുള്ള. ആറ് വർഷത്തോളമായി ജമ്മു-കശ്മീരിൽ തുടരുന്ന രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതായി കേന്ദ്രം കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞുപോയത്.
കോൺഗ്രസുമായി ചേർന്ന് ഇൻഡ്യ മുന്നണിയുടെ ഭാഗമായാണ് നാഷണൽ കോൺഫറൻസ് മത്സരിച്ചത്. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 48 സീറ്റുകളിൽ ഇൻഡ്യ മുന്നണി വിജയിച്ചപ്പോൾ 29 സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാൻ കഴിഞ്ഞത്. അതേസമയം സ്വതന്ത്രരും ഒമർ അബ്ദുള്ളക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു
Post a Comment