റെക്കോർഡ് കുതിപ്പിൽ സ്വർണവില; ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത് 640 രൂപ

(www.kl14onlinenews.com)
(18-October -2024)

റെക്കോർഡ് കുതിപ്പിൽ സ്വർണവില; ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത് 640 രൂപ
കൊച്ചി :
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില സർവകാല റെക്കോഡ് തിരുത്തുന്നത്. പവന് 640 രൂപ കൂടി 57,920 രൂപയും ഗ്രാമിന് 80 രൂപ ഉയർന്ന് 7,240 രൂപയുമാണ് ഇന്നത്തെ വില.

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് റെക്കോഡ് നിലവാരമായ 2,700 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഇതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യൻ വിപണിയിലും വില കുതിച്ചത്. ഉത്സവ-വിവാഹ സീസണിലെ വിലക്കയറ്റം ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 1,520 രൂപയാണ്. 10 ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ചേർത്ത് 65,000 രൂപയിലേറെ ചെലവാകും.

അമേരിക്കൻ ഫെഡറൽ റിസർവ് നവംബറിൽ പലിശ വീണ്ടും കുറയ്ക്കും എന്ന പ്രതീക്ഷയും യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്നതും പശ്ചിമേഷ്യൻ സംഘർഷങ്ങളുമൊക്കെ രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരാനിടയാക്കിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.

Post a Comment

Previous Post Next Post