(www.kl14onlinenews.com)
(18-October -2024)
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വൈകാതെ തന്നെ അറസ്റ്റിനു സാധ്യതയുണ്ട്. അതിനിടെയാണ് മുൻകൂർ ജാമ്യത്തിനായി നീക്കം.
കേസിൽ പൊലീസ് ദിവ്യയെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം. ദിവ്യയെ പ്രതി ചേർത്ത് വ്യാഴാഴ്ച കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. കൂടുതൽ പേരെ പൊലീസ് പ്രതി ചേർക്കുന്ന കാര്യവും ആലോചനയിലുണ്ട്. പ്രശാന്തൻ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്പ് അപേക്ഷ നൽകിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിലും വിജിലൻസ് കോഴിക്കോട് യൂണിറ്റിന്റെ അന്വേഷണവും ഇന്ന് തുടങ്ങും.
വ്യാഴാഴ്ച രാത്രിയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തു നിന്നു പിപി ദിവ്യയെ നീക്കിയിരുന്നു. സംസ്ഥാന കമ്മറ്റിയുടെ നിർദേശത്തെ തുടർന്ന് വ്യാഴാഴ്ച അടിയന്തരമായി ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റാണ് നടപടി എടുത്തത്. പിന്നാലെ സ്ഥാനം രാജി വെച്ചതായി പിപി ദിവ്യ കത്തിലൂടെ വ്യക്തമാക്കി. കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചതായും അവർ വ്യക്തമാക്കി. സംഭവം നടന്ന ശേഷം ആദ്യമായാണ് അവരുടെ പ്രതികരണം വന്നത്.
പരിയാരം ഡിവിഷനിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട കെകെ രത്‌നകുമാരിയാണ് പുതിയ ജില്ലാ പ്രസിഡൻറ്. ജില്ലാ സെക്രട്ടിയേറ്റ് യോഗത്തിൽ ഒരാൾ പോലും ദിവ്യയെ പിന്തുണച്ചില്ല. വിഷയത്തിൽ ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും പാർട്ടി വിലയിരുത്തി.
Post a Comment