ശ്രുതിക്ക് സർക്കാർ ജോലി; അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ ധനസഹായം

(www.kl14onlinenews.com)
(03-October -2024)

ശ്രുതിക്ക് സർക്കാർ ജോലി; അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ ധനസഹായം

തിരുവന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മാതാപിതാക്കളും പിന്നീട് അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിയ്ക്ക് കൈതാങ്ങായി സംസ്ഥാന സർക്കാർ. ശ്രുതിക്ക് ജോലി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഷിരൂരിൽ മണ്ണിടിച്ചലിൽ മരിച്ച അർജുന്റെ കുടുംബത്തെയും സർക്കാർ ചേർത്തുനിർത്തി. അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപയുടെ ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

ജോലി നൽകാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ശ്രുതി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതൊന്നും കാണാൻ തന്റെ ഇച്ചായൻ ഇല്ലല്ലോയെന്ന് സങ്കടം മാത്രമേ ഉള്ളു. വയനാട്ടിൽ ജോലി ചെയ്യാനാണ് താൽപര്യപ്പെടുന്നത്- ശ്രുതി പ്രതികരിച്ചു

വയനാട് ഉരുൾപൊട്ടലിൽ മാതാപിതാക്കൾ രണ്ടുപേരും നഷ്ടമായ കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ തീരുമാനം. മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 5 ലക്ഷം രൂപ വീതം നൽകാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മാതാപിതാക്കൾ രണ്ടുപേരും നഷ്ടപ്പെട്ട ആറു കുട്ടികളുണ്ട്. മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട എട്ടു പേരുമുണ്ട്. വനിതാ ശിശു വികസന വകുപ്പാണ് സഹായം കുടുംബങ്ങൾക്ക് നൽകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരികയായിരുന്നു. അനുയോജ്യമെന്ന് കണ്ടെത്തിയ രണ്ടു സ്ഥലങ്ങളായ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ സ്ഥലങ്ങൾ ഏറ്റെടു്കുന്നതിമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളിൽ എജിയുടെ അടക്കം നിയമോപദേശം തേടിയിരുന്നു. ഈ സ്ഥലം ദുരന്ത നിവാരണ നിയമം 2005 പ്രകാരം പൊസഷൻ ഏറ്റെടുക്കാൻ മന്ത്രിസഭ അനുമതി നൽകി.

വയനാട് ഉരുൾപൊട്ടലിൽ കേന്ദ്രസഹായം നൽകിയിട്ടില്ല. സഹായം നൽകാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു എങ്കിലും പ്രത്യേക സഹായമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യം മന്ത്രിസഭായോഗം ചർച്ച ചെയ്തു. എത്രയും വേഗം അർഹമായ സഹായം ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post