ഞങ്ങളുടെ ജീവിതം തകർത്ത പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ കിട്ടണം; നവീൻ ബാബുവിന്റെ ഭാര്യ

(www.kl14onlinenews.com)
(29-October -2024)

ഞങ്ങളുടെ ജീവിതം തകർത്ത പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ കിട്ടണം; നവീൻ ബാബുവിന്റെ ഭാര്യ
പത്തനംതിട്ട: സന്തോഷിക്കാനുള്ള സമയമല്ലെങ്കിലും വിധിയിൽ ആശ്വാസമുണ്ടെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പി പി ദിവ്യയ്ക്ക് മുന്‍കൂർ ജാമ്യമില്ല എന്ന തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിക്ക് പിന്നാലെയായിരുന്നു കോന്നി തഹസിൽദാർ കൂടിയായ മഞ്ജുഷയുടെ പ്രതികരണം. പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചുവെന്നും എത്രയും പെട്ടെന്ന് പ്രതിയായ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും മഞ്ജുഷ പറഞ്ഞു
G
കുടംബാംഗങ്ങൾ വരുന്നതിന് മുമ്പ് ഇൻക്വസ്റ്റ് നടത്തിയതും ഭീഷണി പ്രസംഗത്തിൽ കളക്ടർ ഇടപെടാത്തതും പ്രാദേശിക ചാനലിനെ കൊണ്ട് പി പി ദിവ്യ വീഡിയോ എടുപ്പിച്ചതും സംശയാസ്പദമാണെന്നും മഞ്ജുഷ പറഞ്ഞു. തങ്ങളുടെ ജീവിതം നശിപ്പിച്ച പി പി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നീതി തേടി ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു. ഇതാദ്യമാണ് നവീൻ ബാബുവിന്റെ മരണ ശേഷം ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരണം നടത്തുന്നത്.

അതേസമയം പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏത് ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ എത്തിയായിരുന്നു ദിവ്യ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ താമസ സ്ഥലത്തേക്ക് മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.

കുടുംബം വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. കുടുംബത്തിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചു. പ്രതിക്ക് മേൽക്കോടതിെയ സമീപിക്കാൻ അവകാശമുണ്ട്. അവിടെയും കക്ഷിചേരും. തുടക്കം മുതൽ രാഷ്ട്രീയപോരാട്ടമല്ല, നിയമപോരാട്ടമാണ് കുടുംബം നടത്തിയത്. രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല. രാഷ്ട്രീയ നേതാക്കൾ ഈ വിഷയം സംസാരിച്ചിട്ടില്ല. നിയമം മാത്രമേ കുടുംബം നോക്കിയിട്ടുള്ളൂ. പൊലീസിന് ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നു. അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്നും സഹോദരൻ പറഞ്ഞു. വിധിപ്പകർപ്പ് കിട്ടാതെ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. കുടുംബത്തിന്റെ ആക്ഷേപം കോടതി കണക്കിലെടുത്തു. കുടുംബത്തെ സംബന്ധിച്ച് ആശ്വാസം നൽകുന്ന വിധിയാണെന്നും പ്രോസിക്യൂട്ടർ പറഞ്ഞു

Post a Comment

Previous Post Next Post