(www.kl14onlinenews.com)
(19-October -2024)
കാസർകോട് :
പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ വൈൻ നിർമ്മിക്കാനുള്ള സംസ്ഥാനത്തെ ആദ്യ ലൈസൻസ് കാസർഗോട്ടെ കർഷകന് ലഭിച്ചു. കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി സ്വദേശി പാലമറ്റത്തിൽ സെബാസ്റ്റ്യൻ പി. അഗസ്റ്റിനാണ് ലൈസൻസ് ലഭിച്ചത്. സ്വന്തം തോട്ടത്തിൽ സ്ഥാപിക്കുന്ന ചെറുകിട വൈനറിയിൽനിന്ന് ഹോർട്ടിവൈൻ ഉത്‌പാദിപ്പിക്കാനും ബോട്ടിൽ ചെയ്യാനുമാണ് അനുമതി. ഇളനീരും പഴങ്ങളും ചേർത്ത് വൈൻ നിർമിക്കാനുള്ള പേറ്റന്റും ലഭിച്ചിട്ടുണ്ട്.
ഭീമനടിയിലെ സ്വന്തം തോട്ടത്തിൽ സ്റ്റാർട്ടപ്പ് സംരംഭമായി തുടങ്ങുന്ന ‘റിവർ ഐലൻഡ് വൈനറി’യിൽനിന്ന് ഇളനീർ വൈനും ഫ്രൂട്ട് വൈനും ഉത്‌പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. ഹൊസ്ദുർഗ് താലൂക്ക് ഓഫിസിൽ നിന്നും ഡെപ്യൂട്ടി തഹസിൽദാരായി വിരമിച്ച സെബാസ്റ്റ്യൻ പഴവർഗങ്ങൾക്കു പുറമേ, തെങ്ങ്, കമുക്, റബർ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഇതിനുപുറമേ ആവശ്യം വരുന്നവ മറ്റ് കൃഷിക്കാർ, കർഷകസംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവരിൽനിന്ന് ശേഖരിക്കും.
ഉത്‌പാദിപ്പിക്കുന്ന വൈൻ അബ്കാരി ലൈസൻസുള്ളവർ വഴിയല്ലാതെ സ്വന്തംനിലയിൽ വിൽക്കാനാകില്ല. കുറഞ്ഞത് 250 ലിറ്റർ വീതമുള്ള ബാച്ചുകളായി വൈൻ ഉത്‌പാദിപ്പിക്കാനാണ് തീരുമാനം. ഇളനീർവൈനാണെങ്കിൽ ഇതിന് 1000 കരിക്കും 250 കിലോഗ്രാം പഴങ്ങളും വേണം. ഫ്രൂട്ട് വൈനാണെങ്കിൽ ആയിരം ലിറ്റർ വെള്ളവും 250 കിലോഗ്രാം പഴങ്ങളും. ഇളനീർവൈൻ 750 മില്ലിലിറ്റർ കുപ്പിക്ക് നികുതി ഒഴികെ 500 രൂപയ്ക്ക് മുകളിലാകും വിലയെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. ഫ്രൂട്ട് വൈനിന് വില ഇതിലും കുറവാകും.
വൈനറി തുടങ്ങാൻ നിലവിലുള്ള നിയമപ്രകാരം സർക്കാർ സബ്സിഡി ലഭിക്കില്ല. സബ്സിഡി അനുവദിക്കുന്ന വ്യവസായ യൂണിറ്റുകളുടെ പട്ടികയിൽ വൈൻ നെഗറ്റീവ് വിഭാഗത്തിലായതാണ് കാരണം. നിയമം ഭേദഗതിചെയ്ത് ഈ പ്രശ്നം പരിഹരിക്കണമെന്നും വൈൻ വിൽപ്പനയുടെ കാര്യത്തിലും ഉദാരമായ സമീപനംവേണമെന്നും സെബാസ്റ്റ്യൻ പറയുന്നു.
Post a Comment