(www.kl14onlinenews.com)
(26-October -2024)
തൃശൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസ് എടുത്ത കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ ഉടൻ സംഘടനാ നടപടി വേണ്ടെന്ന് സിപിഎം.
ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി വരാനിരിക്കുന്നതേയുള്ളു. നിയമനടപടികളുമായി മുന്നോട്ടു പോകട്ടെ. വിധി വന്ന ശേഷം ഈ വിഷയം വീണ്ടും ചർച്ച ചെയ്യാമെന്ന് ശനിയാഴ്ച തൃശൂരിൽ ചേർന്ന അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
വിവാദം ഉയർന്ന ഉടനെ തന്നെ ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി നടപടിയെടുത്തിരുന്നെന്നും കൂടുതൽ നടപടി വേണമോയെന്നത് കോടതി നടപടികൾ എന്താണ് എന്നറിഞ്ഞതിനു ശേഷം മതിയെന്നുമായിരുന്നു യോഗത്തിന്റെ പൊതുവികാരം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ യോഗത്തിൽ സംബന്ധിച്ചു.
അതേസമയം ചില മുതിർന്ന നേതാക്കൾ ദിവ്യക്കെതിരെ കർശനനടപടി വേണമെന്നും ആവശ്യപ്പെട്ടെങ്കിലും ഭൂരിഭാഗം പേരും തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്.
ദിവ്യയ്‌ക്കെതിരെ വിജിലൻസിൽ പരാതി
പിപി ദിവ്യയുടെ ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിൽ പരാതി നൽകി ആം ആദ്മി പാർട്ടി. എഎപിയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേമുറിയിലാണ് നിർണായക നീക്കം നടത്തിയത്. കണ്ണൂർ ധർമശാല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ലഭിച്ച ഉപകരാറുകളിൻമേലുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നാണ് വിജിലൻസിന് ലഭിച്ച പരാതി.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടിയുടെ ഉപകരാറുകളിൽ 12 കോടി 81 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തികൾക്കുള്ള ഉപകരാറുകൾ ലഭിച്ചത് ഈ കമ്പനിക്കാണ്. അതിൽ ദുരൂഹതയുണ്ട്, ഇതിലെ ബിനാമി ഇടപാടുകൾ അന്വേഷിക്കണം തുടങ്ങിയവയാണ് ആവശ്യം.
Post a Comment