വീണ്ടും രാജി; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബ് പാർട്ടി വിട്ടു

(www.kl14onlinenews.com)
(19-October -2024)

വീണ്ടും രാജി; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബ് പാർട്ടി വിട്ടു

പാലക്കാട്: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാർട്ടി വിട്ടു. നിലവിൽ ഒരു പാർട്ടിയിലും ചേരുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ഡോ.പി.സരിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഷാനിബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിപിഎം തുടർഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയ്യാറാവുന്നില്ല. പാലക്കാട് - വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ.മുരളീധരൻ എന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഒരു സമുദായത്തിൽപെട്ട നേതാക്കളെ കോൺഗ്രസ് പൂർണമായും തഴയുകയാണ്. ആ സമുദായത്തിൽ നിന്ന് നേതാവായിട്ട് താൻ മാത്രം മതിയെന്നാണ് ഷാഫി പറമ്പിലിന്റ നിലപാട്. ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോൺഗ്രസ് തിരഞ്ഞടുപ്പ് രീതി തന്നെ മാറ്റി. ഉമ്മൻ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി പറമ്പിൽ കൂടുതൽ തലപൊക്കിയതെന്നും ഷാനിബ് പറഞ്ഞു.

ഉമ്മൻ ചാണ്ടി സാർ പോയതിനുശേഷം പാർട്ടിയിൽ പരാതി കേൾക്കാൻ ആളില്ലാതായി. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മൻ ചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചിരുന്നു. എന്നാൽ ഷാഫി പറമ്പിൽ അത് അട്ടിമറിച്ച് വി.ഡി.സതീശനൊപ്പം നിന്നു. ഉമ്മൻ ചാണ്ടി സാറിന്റെ പേരിൽ നടത്തുന്ന നാടകം കണ്ടിട്ടാണ് പാർട്ടി വിടുന്നതെന്നും ഷാനിബ് വ്യക്തമാക്കി.

Post a Comment

Previous Post Next Post